കോലഞ്ചേരി: പ്രാദേശിക സി.പി.എം നേതാക്കളും വായനാശല പ്രവർത്തകരും ഇടപെട്ട് കറണ്ട് എത്തിച്ചു. തൊട്ട് പിന്നാലെ വീട്ടൂർ എബനേസർ സ്കൂൾ അധികൃതർ ടിവിയുമായി ക്വാർട്ടേഴ്സിൽ. ഒറ്റദിവസത്തിൽ ഇതെല്ലാം നടന്നതിന്റെയും പഠനം തുടരാനാവുമെന്ന സന്തോഷത്തിലും അമ്പരപ്പിലുമാണ് വീട്ടൂർ പെരിയാർ വാലി ക്വാർട്ടേഴ്സിലെ ആദിത്യനും, ആകാശും. അഞ്ച് വർഷമായി ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കറണ്ട് ഉണ്ടായിരുന്നില്ല.കൊവിഡിനെ തുടർന്ന് ഓൺലൈൻ പഠനം ആരംഭിച്ചെങ്കിലും കറണ്ട് വില്ലനായി. വിവരം അറഞ്ഞ് സി.പി.എം പ്രവർത്തകരും വായന ശാല ഭാരവാഹികളും ചേർന്ന് ക്വർട്ടേഴ്സിൽ ഒറ്റ ദിവസം കൊണ്ട് വയറിംഗ് പൂർത്തിയാക്കി. കെ.എസ്.ഇ.ബി അധികൃതരുടെ ധ്രുതഗതിയിലുള്ള ഇടപെടലോടെ കണക്ഷനും ലഭിച്ചു. വെളിച്ചം വീട്ടിലെത്തി. തൊട്ട് പിന്നാലെയാണ് ടിവിയുമായി സ്കൂൾ അധികൃതർ എത്തിയത്. കഴിഞ്ഞ മെയ് 17നാണ് ഇവരുടെ പിതാവ് മരിച്ചത്. ഇതോടെ തുടർവിദ്യഭ്യാസം തന്നെ അനിശ്ചതത്വത്തിലായി. എബനേസർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇരുവരും.സുമനസുകളുടെ സഹായം ഇവർക്ക് പ്രതീക്ഷയുടെ വെളിച്ചമാകുയാണ്.