പുല്ലുവഴി : ഹൃദയാഘാതം മൂലം മരിച്ച രോഗിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ രായമംഗലം പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ റാൻഡം ടെസ്റ്റ് നടത്തും. കണ്ടൈയിൻമെന്റ് സോണായി പ്രഖ്യാപിച്ച 13, 14 വാർഡുകളിൽ പനി ഉള്ളവരെയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. ഇതിനായി ഇന്ന് മൊബൈൽ ലാബുകൾ പുല്ലുവഴിയിലെത്തും. രായമംഗലം പഞ്ചായത്തിൽ കോവിഡ് ബാധിച്ചു മരിച്ച പുല്ലുവഴി മനയ്ക്കപ്പടി പൊന്നേമ്പിള്ളി പി.കെ.ബാലകൃഷ്ണൻ നായരുടെ മരണത്തേ തുടർന്ന് സമ്പർക്കപ്പട്ടികയിൽ 46 പേർ നിരീക്ഷണത്തിലാണ്. വളയൻചിറങ്ങരയിലെ ആശുപത്രി, കീഴില്ലം സഹകരണ ബാങ്കിന്റെ വളയൻചിറങ്ങര ശാഖ, എസ്.ബി.ഐ ശാഖ എന്നിവിടങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയെന്നു ബോദ്ധ്യമുള്ളവർ സ്വയം ക്വാറന്റൈനിൽ പോകണമെന്ന് രായമംഗലം പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളായ 5 പേരുടെ സ്രവം പരിശോധന ഫലം ഇന്നെത്തും. ഇവർ വീട്ടിൽ ക്വാറന്റൈനിലാണ്. പനി ബാധിച്ച ബാലകൃഷ്ണൻ കഴിഞ്ഞ 7ന് രാവിലെ വളയൻചിറങ്ങരയിലെ സെന്റ് ബേസിൽ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ശ്വാസതടസ്സവും പനിയും രൂക്ഷമായതോടെ 9ന് രാത്രി അഡ്മിറ്റ് ചെയ്തു. 10ന് രാവിലെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി, ചികിൽസയിലിരിക്കെ മരിച്ചു. കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച 13, 14വാർഡുകൾ നിശ്ചലമായി. പുറത്തേക്കും അകത്തേക്കുമുള്ള വഴികൾ പൊലീസും ജനപ്രതിനിധികളും ചേർന്ന് അടച്ചു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമെ പുറത്തേക്കു പോകാൻ അനുവാദമുള്ളൂ.