customs

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും ഗൂഢാലോചനയിലും കെ.ടി. റമീസിന് സജീവ പങ്കുണ്ടെന്ന് കസ്റ്റംസ് സംഘം കോടതിയിൽ വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെകൂടി അടിസ്ഥാനത്തിലാണ് റമീസിന്റെ പങ്ക്‌ വ്യക്തമാക്കിയത്. കൂടുതൽ പ്രതികളുണ്ടോയെന്ന് അറിയാൻ വിശദമായ അന്വേഷണം വേണമെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണച്ചുമതലയുള്ള എറണാകുളത്തെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റമീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇയാളെ ജൂലായ് 27 വരെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാൻ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അപേക്ഷ നാളെ പരിഗണിക്കും. ദേശ സുരക്ഷയെ ബാധിക്കുന്നതരത്തിൽ സ്വർണം കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്താനും പ്രവർത്തനരീതി മനസിലാക്കാനും റമീസിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.

 സ്വപ്നയും സന്ദീപും രണ്ടും മൂന്നും പ്രതികൾ

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. യു.എ.പി.എ നിയമ പ്രകാരം എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിനു പുറമേയാണിത്. എൻ.ഐ.എ പിടികൂടിയ ഇവരെ കസ്റ്റംസ് കേസിൽ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു. സരിത്ത് ഒന്നാം പ്രതിയും കെ.ടി. റമീസ് നാലാം പ്രതിയുമാണ്.

റമീസ് ഒന്നും പറഞ്ഞില്ല

ഇന്നലെ രാവിലെയാണ് റമീസിനെ എറണാകുളത്തെ സി.ജെ.എം കോടതിയിൽ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. കോടതിയിൽ നിന്ന് മടങ്ങുമ്പോഴും റമീസിന്റെ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും നിഷേധഭാവത്തിൽ തലയാട്ടി.