swapna

കൊച്ചി: ഇന്നലെ എൻ.ഐ.എ പ്രത്യേക കോടതിയിലെത്തിയതു മുതൽ സ്വപ്‌ന വിറയ്ക്കാൻ തുടങ്ങി. മുഖത്ത് സങ്കടഭാവം. മുഖം വ്യക്തമാകാതിരിക്കാൻ കറുത്ത ഷാൾ തലയിലൂടെ മൂടിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നെഞ്ചുവേദനയും വെപ്രാളവുമുണ്ടെന്ന് പറഞ്ഞു. അതിനുള്ള ചികിത്സ ഉറപ്പാക്കണമെന്ന് അന്വേഷണസംഘത്തോട് കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസത്തെ കറുത്ത വസ്‌ത്രം തന്നെയായിരുന്നു ഇന്നലെയും. സ്വപ്‌നയെയാണ് ആദ്യം കോടതിയിൽ എത്തിച്ചത്. സുരക്ഷയുടെ ഭാഗമായി പൊലീസ് ബസിലായിരുന്നു യാത്ര. അരമണിക്കൂറിന് ശേഷം സന്ദീപുമായി വാഹനമെത്തി.

കേസ് പരിഗണിച്ചപ്പോൾ ഇരുവരും പരസ്പരം നോക്കിയില്ല. സ്വപ്‌നയുടെ അഭിഭാഷകയാകാൻ ആളൂർ അസോസിയേറ്റിൽ നിന്ന് ഒരാൾ എത്തി. എന്നാൽ, ഭർത്താവിനോട് ചോദിച്ചിട്ടാകാമെന്നായിരുന്നു മറുപടി. കുടുംബം ഏതെങ്കിലും അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി. അതോടെ ഇരുവർക്കുമായി കേരള സ്‌റ്റേറ്റ് ലീഗൽ സെൽ അതോറിട്ടിയുടെ അഭിഭാഷകർ ഹാജരായി. കഴിഞ്ഞ ദിവസത്തെ നീല ഷർട്ടു മാറ്റി കറുത്ത ടീഷർട്ട് ധരിച്ചാണ് സന്ദീപെത്തിയത്. ജീൻസ് നീല തന്നെ. കോടതിയിൽ നിന്ന് ഇരുവരെയും രണ്ടു വാഹനങ്ങളിലായാണ് എൻ.ഐ.എ കൊണ്ടുപോയത്.