ആലുവ: കണ്ടെയ്ൻമെന്റ് സോണിലായതിനെ തുടർന്ന് പൂർണമായി നിശ്ചലമായ ആലുവ ജനറൽ മാർക്കറ്റിൽ വ്യാപാര സ്ഥാപനങ്ങൾ ഉപാധികളോടെ തുറക്കാൻ അനുവദിക്കണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ.
മൊത്ത - ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് മർച്ചന്റ്സ് അസോസിയേഷൻ ഇളവ് തേടിയത്. അസോസിയേഷന്റെ അപേക്ഷ ജില്ലാ കളക്ടർക്കും മന്ത്രി വി.എസ്.സുനിൽകുമാറിനും കൈമാറും.

മൊത്ത വ്യാപാര സ്ഥാപനം തുറക്കുമ്പോൾ ചുമട്ടു തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.

നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു, യൂണിയൻ നേതാക്കളായ എം.ടി. ജേക്കബ് (ഐ.എൻ.ടി.യു.സി), പി.എം. സഹീർ (സി.ഐ.ടി.യു) എന്നിവരും യോഗത്തിൽ പങ്കെടുത്തു.