യു.എ.ഇയുടെ മുദ്രയും സ്‌റ്റിക്കറും വ്യാജമായി നിർമ്മിച്ചു
കോൺസുലേറ്റ് ജോലി സ്വർണക്കടത്തിന് വഴിയൊരുക്കാനെന്ന് എൻ.ഐ.എ
സ്വപ്നയുടെ ഐ.ടി ജോലിയിൽ ഉന്നതതല അന്വേഷണം ശിവശങ്കറിന് വീഴ്‌ച പറ്റിയെങ്കിൽ നടപടി
സ്വപ്നയും സന്ദീപും 21 വരെ എൻ.ഐ.എ കസ്റ്റഡിയിൽ
കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വപ്‌ന സുരേഷും സംഘവും കടത്തുന്ന സ്വർണം ഉപയോഗിച്ചിരുന്നത് ഭീകരവാദ പ്രവർത്തനത്തിനുള്ള സാമ്പത്തിക ആവശ്യങ്ങൾക്കെന്ന് എൻ.ഐ.എ (ദേശീയ അന്വേഷണ ഏജൻസി) കണ്ടെത്തി. പിടിക്കപ്പെടുന്നതിനു തൊട്ടു മുമ്പ് രണ്ടു തവണയായി ഇതേ മാർഗത്തിലൂടെ സംഘം ഒളിപ്പിച്ചുകടത്തിയ 27 കിലോ സ്വർണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതായാണ് കണ്ടെത്തൽ.
പാഴ്സലിന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാൻ സംഘം യു.എ.ഇയുടെ ഔദ്യോഗിക മുദ്രയും ലെറ്റർ ഹെഡും ഉൾപ്പെടെ സുപ്രധാന രേഖകൾ വ്യാജമായി നിർമ്മിച്ചതായും കണ്ടെത്തിയതോടെ സ്വപ്‌നയ്‌ക്കും സംഘത്തിനുമെതിരെ തെളിവുകൾ ശക്തമായി. ഇന്നലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കിയ സ്വപ്‌നയെയും സന്ദീപിനെയും 31 വരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു.ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ വിശദ അന്വേഷണം വേണമെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
അതിനിടെ, സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിനു കീഴിലുള്ള പ്രോജക്ടിൽ നിയമനം ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ചീഫ്സെക്രട്ടറി ഡോ.വിശ്വാസ് മേത്തയെയും ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി രാജേഷ് കുമാർ സിംഗിനെയും സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി. ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കുരുക്ക് ഉന്നതരിലേക്കു കൂടി നീളുമെന്നതിന്റെ സൂചനയാണ് നടപടി.
നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്തിന് വഴിയൊരുക്കാനാണ് സ്വപ്‌ന സുരേഷും സരിത്തും തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിൽ ജീവനക്കാരായി എത്തിയതെന്ന് എൻ.ഐ.എ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കള്ളക്കടത്തിനുള്ള വഴികൾ മനസ്സിലാക്കിയതിനു ശേഷം കോൺസുലേറ്റിൽ നിന്ന് ഇരുവരും സ്വമേധയാ രാജിവയ്‌ക്കുകയായിരുന്നു. സ്വർണക്കടത്തിനു പിന്നിൽ ഉന്നതർ ഉൾപ്പെട്ട വൻഗൂഢാലോചന നടന്നതായാണ് ഇത് വെളിപ്പെടുത്തുന്നത്. ഇവർ കടത്തുന്ന സ്വർണം ആഭരണനിർമാണത്തിനല്ലെന്നും എൻ.ഐ.എ വ്യക്തമാക്കി.
യു.എ.ഇയുടെ വ്യാജമുദ്രയും സ്‌റ്റിക്കറും നിർമ്മിച്ചതും മറ്റ് വ്യാജരേഖകൾ തയ്യാറാക്കിയതും ദുബായിൽ നിന്ന് സ്വർണമയച്ച ഫൈസൽ ഫരീദ് ആണ്. ഈ സ്റ്റിക്കറും മുദ്രയും ബാഗേജിൽ പതിച്ചാണ് സംഘം നയതന്ത്ര സുരക്ഷ ഉറപ്പാക്കിയത്. സ്വർണം കടത്തിയ ബാഗ് നയതന്ത്ര ബാഗേജ് അല്ലെന്ന് യു.എ.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്‌ക്കുന്ന വിവരങ്ങളാണ് എൻ.ഐ.ഐ പുറത്തുവിട്ടത്.
ബാഗിൽ രഹസ്യങ്ങൾ
ബംഗളൂരുവിൽ സന്ദീപ് നായർ പിടിയിലാകുമ്പോൾ കൈവശമുണ്ടായിരുന്ന ബാഗിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകളും ഭാവി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ടെന്ന് എൻ.ഐ.എ സംശയിക്കുന്നു. സ്വർണക്കടത്തിലെ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ടാകാം. ബാഗ് തുറന്നിട്ടില്ലെന്നും കോടതി മുമ്പാകെ അത് തുറക്കാൻ തയ്യാറാണെന്നും എൻ.ഐ.എ വ്യക്തമാക്കി.
മുഖ്യമന്ത്രി
തീവ്രവാദ ശക്തികൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യങ്ങളുണ്ടാകുന്നുവെങ്കിൽ അക്കാര്യം പുറത്തുവരണ്ടേ?. എല്ലാ വൻസ്രാവുകളും കുടുങ്ങുന്നുവെങ്കിൽ കുടുങ്ങട്ടെ. ഇനി എന്റെ ഓഫീസിലേക്ക് അന്വേഷണമെത്തുന്നുവെങ്കിൽ എത്തട്ടെ. അതിലൊന്നും വിഷമമില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞല്ലോ.
-മുഖ്യമന്ത്രി പിറണറായി വിജയൻ