• മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊച്ചി: കൊവിഡ് ആശുപത്രിയായതിനെത്തുടർന്ന് അടച്ചിട്ട എറണാകുളം മെഡിക്കൽ കോളേജിലെ ഒ.പി തുറക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കോളേജിലെ പേരന്റ് ടീച്ചേഴ്സ് അസോസിയേഷൻ (പി.ടി.എ) മുഖ്യമന്ത്രിക്ക് കത്തയച്ചു. എറണാകുളം, മഞ്ചേരി മെഡിക്കൽ കോളേജുകളിലൊഴികെ മറ്റെല്ലാ മെഡിക്കൽ കോളേജുകളിലും മറ്റൊരു ബ്ലോക്കിൽ കൊവിഡ് ഇതര ഒ.പി തടസങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അദ്ധ്യാപന സ്ഥാപനമായിട്ടും മൂന്നരമാസമായി വിദ്യാർത്ഥികൾ വീട്ടിലിരുന്ന് ഓൺലൈനിൽ തിയറി മാത്രമാണ് പഠിക്കുന്നത്. സർക്കാരും യൂണിവേഴ്സിറ്റിയും അവസാനവർഷ എം.ബി.ബി.എസ് കുട്ടികൾക്ക് ക്ലാസുകൾ ആരംഭിക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.
സജീവമായ ഔട്ട് പേഷ്യന്റ് വിഭാഗം, ക്ലിനിക്ക്, ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം എന്നിവ പ്രാക്ടിക്കൽ പരിശീലനം നേടുന്നതിന് ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റെല്ലാ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കും ഈ സൗകര്യങ്ങൾ ലഭ്യമാകുമ്പോൾ എറണാകുളം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഇത് നിഷേധിക്കപ്പെടുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മറ്റ് വിഷയങ്ങൾ
1. ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം തുടങ്ങിയവ അടച്ചിട്ടതിനെത്തുടർന്ന് ഈ വിഭാഗങ്ങളിലെ വൈദഗ്ദ്ധ്യമുള്ള ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ല. സാധാരണക്കാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.
2. കൊവിഡ് ആശുപത്രിയായി മാത്രം പ്രവർത്തിക്കുകയും ഒ.പി ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ എം.ബി.ബി.എസ് കോഴ്സിനായുള്ള മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ട്.
3. സർജറി, ഓർത്തോ, ഗൈനക് വിഭാഗങ്ങളിലെ പി.ജി കോഴ്സുകൾക്കായി ശ്രമിക്കുകയാണ്. അഞ്ചുമാസം ഇത്തരം രോഗികൾ ആശുപത്രിയിൽ വന്നില്ലെങ്കിൽ ഈ കോഴ്സുകൾക്ക് അംഗീകാരം കിട്ടാവുന്ന അവസരം നഷ്ടമാകാനിടയുണ്ട്.
4 ഒ.പിയില്ലാത്തതിനാൽ ഹൗസ് സർജന്മാരെ കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലേക്കും എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ശരിയായ ഏകോപനമില്ലാത്തതിനാൽ ശരിയായ പരിശീലനമോ മാർഗനിർദേശമോ ലഭിക്കുന്നില്ല.
5 കഴിഞ്ഞ ബാച്ചിലെ ഹൗസ് സർജന്മാർക്ക് അഞ്ചുമാസമായി കൊവിഡ് ഡ്യൂട്ടി മാത്രം ചെയ്തതിനാൽ മറ്റു വിഭാഗങ്ങളിൽ അവസരം ലഭിച്ചിട്ടില്ല.