nia

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനെത്തുടർന്ന് യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തി റിമാൻഡിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ജൂലായ് 21 വരെ ചോദ്യം ചെയ്യാൻ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി.

ഇന്നലെ വൈകിട്ട്‌ മൂന്നു മണിയോടെയാണ് സ്വപ്നയെ തൃശൂരിൽ നിന്ന് പൊലീസ് ബസിൽ കോടതിയിലെത്തിച്ചത്. അരമണിക്കൂർ കഴിഞ്ഞ് കറുകുറ്റിയിലെ കൊവിഡ് സെന്ററിൽ നിന്ന് സന്ദീപിനെയും എത്തിച്ചു. ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് അന്വേഷണ സംഘം കോടതിയിൽ രാവിലെ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പ്രതികളുടെ സാന്നിദ്ധ്യത്തിൽ കോടതി പരിഗണിച്ചത്.

 എങ്ങനെ ഭീകരപ്രവർത്തനമാകും?

കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ സ്വർണക്കടത്തിനെ ഭീകരപ്രവർത്തനവുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയുമെന്ന് കോടതി വാക്കാൽ ആരാഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന കള്ളക്കടത്ത് ഭീകരപ്രവർത്തനം തന്നെയാണെന്ന് എൻ.ഐ.എയുടെ അഭിഭാഷകൻ വാദിച്ചു. കള്ളനോട്ടു കേസുകളും ഹവാല പണമിടപാടുകളും സമാനതരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ തന്നെ ആണെന്നും അഭിഭാഷകൻ വിശദീകരിച്ചു. തുടർന്നാണ് കസ്റ്റഡി അനുവദിച്ചത്. ചോദ്യം ചെയ്യലിനിടെ ഓരോ മൂന്നു മണിക്കൂറിനുശേഷവും ഇടവേള നൽകണമെന്നും അഭിഭാഷകനുമായി ബന്ധപ്പെടാൻ പ്രതികൾക്ക് സൗകര്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

 ഫാസിൽ അല്ല,​ ഫൈസൽ

കേസിലെ മൂന്നാം പ്രതി ഫാസിൽ ഫരീദാണെന്നും എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ് ഇയാളെന്നും നേരത്തെ എൻ.ഐ.എ സംഘം കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇയാളുടെ പേര് ഫൈസൽ ഫരീദ് എന്നാണെന്നും കൊടുങ്ങല്ലൂർ കയ്പമംഗലം പുത്തൻപള്ളി സ്വദേശിയാണെന്നും കണ്ടെത്തി. തുടർന്ന് രേഖകൾ തിരുത്താൻ എൻ.ഐ.എ അപേക്ഷ നൽകി. എൻ.ഐ.എ കേസിൽ സരിത്ത്,​ സ്വപ്ന എന്നിവർ ഒന്നും രണ്ടും പ്രതികളും​ സന്ദീപ് നാലാം പ്രതിയുമാണ്.

 ഫൈസലിനായി ബ്ളൂ നോട്ടീസ്

ദുബായിൽ സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്ന ഫൈസൽ ഫരീദിനെ പിടികൂടുന്നതിന് ബ്ളൂ നോട്ടീസ് ഇറക്കാൻ കോടതിയുടെ അനുമതി തേടി. ഇന്റർപോളിന്റെ സഹായത്തോടെ വിദേശത്തുനിന്ന് പ്രതികളെ പിടികൂടുന്നതിനാണ് ബ്ളൂ നോട്ടീസ്. ഇയാൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും എൻ.ഐ.എ അപേക്ഷ നൽകി.