padmanabha-temple

കൊച്ചി : ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കടത്തുന്നെന്നാരോപിച്ച് ഭക്തനായ പദ്മനാഭൻ 2007 ൽ തിരുവനന്തപുരം മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിലാണ് കേസിന്റെ ഉത്ഭവം. പിന്നീട്സബ് കോടതിയിൽ. ഒടുവിൽ 2007 ഡിസംബറിൽ ക്ഷേത്രത്തിലും സ്വത്തു വകകളിലും രാജകുടുംബത്തിന് അവകാശമില്ലെന്ന വിധി വന്നതോടെ തിരുവിതാംകൂർ രാജകുടുംബം ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. രാജകുടുംബത്തിന്റെ അവകാശവും ഭരണാധികാരവും ചോദ്യം ചെയ്യുന്ന കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മയാണ് കേരള ഹൈക്കോടതിയിലെത്തിയത്.

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് 2011 ജനുവരി 31 നാണ് വിധി പറഞ്ഞത്.

 ഹൈക്കോടതി വിധിയിങ്ങനെ

പദ്മനാഭ സ്വാമി ക്ഷേത്രം സർക്കാർ ഏറ്റെടുക്കണം. ഇതിന്റെ ഭരണ നടത്തിപ്പുകൾക്കായി മൂന്നു മാസത്തിനകം ട്രസ്റ്റോ കമ്മിറ്റിയോ ഉണ്ടാക്കണം. ക്ഷേത്രഭരണം ഏറ്റെടുത്ത് ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ച് നടത്തണം. ഹർജിക്കാരനായ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയെയും പിൻ തലമുറക്കാരെയും പദ്മനാഭദാസൻ എന്ന നിലയിൽ ആറാട്ടിനും മറ്റു ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുപ്പിക്കണം. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന നിലവറയുടെ കണക്കെടുപ്പു നടത്തി ഇവ ഭക്തർക്കും വിനോദസഞ്ചാരികൾക്കുമൊക്കെ വീക്ഷിക്കാൻ കഴിയുന്ന വിധത്തിൽ മ്യൂസിയമുണ്ടാക്കി പ്രദർശിപ്പിക്കണം. അമൂല്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിനാൽ പൊലീസ് സംരക്ഷണം ഉറപ്പാക്കണം. കല്ലറകൾ തുറന്നു പരിശോധിക്കാൻ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയോഗിക്കണം.

ഈ വിധിക്കെതിരെ 2011 മേയിൽ തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് മേയ് മൂന്നിന് ക്ഷേത്രം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.