കൊച്ചി: കസ്‌റ്റഡിയിൽ ലഭിച്ച സ്വപ്‌നയെയും സന്ദീപിനെയും എൻ.ഐ.എ വെവ്വേറെ ചോദ്യം ചെയ്‌തു തുടങ്ങി. എറണാകുളം കടവന്ത്രയിലുള്ള എൻ.ഐ.എ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥനായ സി.രാധാകൃഷ്‌ണപിള്ള സ്വപ്‌നയെയും സന്ദീപിനെ അഡിഷണൽ എസ്.പി ഷൗക്കത്തലിയുമായാണ് ചോദ്യം ചെയ്യുന്നത്. കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ മറ്റൊരു മുറിയിലിരുന്ന് എസ്.പി എസ്. രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിക്കുന്നു. റോ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും എൻ.ഐ.എ ആസ്ഥാനത്തുണ്ട്.
കസ്‌റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ അവരുടെ ആസ്ഥാനത്തെത്തി ഷൗക്കത്തലി രണ്ടു തവണ ചോദ്യം ചെയ്‌തിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യൽ.
ഈ മാസം 15 വരെ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലുണ്ട്. കസ്റ്റംസും എൻ.ഐ.എയും പരസ്പര സഹകരണത്തോടെയാണ് അന്വേഷണം.
തെളിവെടുപ്പിനായി പ്രതികളെ എന്ന് കൊണ്ടുപോകുമെന്ന് വ്യക്തമല്ല. വിമാനത്താവളത്തിലും, സന്ദീപ്, സ്വപ്‌ന എന്നിവരുടെ വസതികളിലും തെളിവെടുപ്പ് നടത്തും. സരിത്തിനെ കസ്‌റ്റംസ് കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലെത്തി എൻ.ഐ.എ അറസ്‌റ്റ് രേഖപ്പെടുത്തും. ഇതിനു ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. 21 ന് മുമ്പ് കസ്റ്റഡിയിൽ ലഭിച്ചാൽ മൂവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലുണ്ടാകും. എൻ.ഐ.എ ആസ്ഥാനത്തിന് സായുധ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.