കൊച്ചി : പശ്ചിമ കൊച്ചിയിലെ രാമേശ്വരം - കൽവത്തി കനാലിന്റെ ശുചീകരണം സംബന്ധിച്ച് കൊച്ചി നഗരസഭ വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കനാലിലെ ചെളിയും മാലിന്യവും നീക്കിയെന്ന് വ്യക്തമാക്കി നഗരസഭ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും ഇതു സത്യമല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സിംഗിൾ ബെഞ്ച് നിർദേശമുണ്ടായത്.
ഈ കനാലിന്റെ ശുചീകരണത്തിനായി കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോ ഒാർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് നടപടി. ജൂലായ് 27 ന് ഹർജി വീണ്ടും പരിഗണിക്കും.
നഗരസഭയുടെ അമൃത് പദ്ധതി, ഒാപ്പറേഷൻ ബ്രേക്ക് ത്രൂ എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി കനാൽ ശുചീകരിച്ചെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.
നഗരസഭ നൽകേണ്ട വിശദീകരണങ്ങൾ
ഏതു സമയത്താണ് ചെളിയും മാലിന്യങ്ങളും നീക്കിയത്?
എത്ര ദിനങ്ങളാണ് ഇതിനായി വിനിയോഗിച്ചത് ?
രണ്ടു പദ്ധതികളിലായി ലഭിച്ച ഫണ്ട് എത്ര ?
എത്ര തുക വിനിയോഗിച്ചു ?
നീക്കിയ ചെളിയും മാലിന്യങ്ങളും എവിടെ നിക്ഷേപിച്ചു ?