balabhaskar

കൊച്ചി: ബാലഭാസ്‌ക്കർ കാറപകടത്തിൽപ്പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നതായി കലാഭവൻ സോബി ജോർജിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ മാദ്ധ്യമങ്ങളിൽ ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിയാനായതെന്നും വ്യക്തമാക്കുന്നു. അപകടം നടന്നതിന് തൊട്ടു പിന്നാലെ സോബി ആ വഴി കാറിൽ കടന്നു പോയിരുന്നു. നാലഞ്ചുപേർ അവിടെ സംശയാസ്പദമായി കൂടി നിൽക്കുന്നത് കണ്ടുവെന്ന് നേരത്തെ മൊഴി നൽകുകയും ചെയ്തു.

ഇതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സോബിയുടെ ആരോപണങ്ങൾ തെളിയിക്കാനായില്ല. ബാലഭാസ്ക്കറിന്റെ മരണ ശേഷം ബാലഭാസ്കറി​ന്റെ മാനേജർ ഉൾപ്പെടെ അടുത്തബന്ധമുള്ളവർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായിരുന്നു. ആൾക്കൂട്ടത്തിനിടയിലാണ് സരിത്തിനെ കണ്ടെതെന്നും സോബി പറഞ്ഞു.

അപകടം നടന്ന് പത്തു മിനിട്ടിനുള്ളിൽ അതുവഴി കടന്നു പോയപ്പോൾ ഒരാൾ ബൈക്ക് തള്ളുന്നതും മറ്റൊരാൾ ഓടുന്നതും കണ്ടു. എന്തെങ്കിലും സഹായം വേണമോയെന്ന് ചോദിക്കാൻ വാഹനത്തിന്റെ വേഗത കുറച്ചെങ്കിലും അവരെ കണ്ടപ്പോൾ സംശയം തോന്നി. ബാലഭാസ്‌ക്കറിന്റെ വാഹനമാണ് അപടത്തിൽപ്പെട്ടതെന്ന് അറിയില്ലെന്നുമായിരുന്നു സോബി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.