കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ചെല്ലാനത്ത് കൊവിഡ് പരിശോധന കൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ആകെ 250 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ ഇന്നലെ മാത്രം ഒറ്റയടിക്ക് പരിശോധന 200 ആയി ഉയർത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി പറഞ്ഞു.

ഇന്ന് 226 സാമ്പിൾ ശേഖരിക്കും

ഇന്ന് 226 പേരുടെ സാമ്പിളുകൾ ശേഖരിക്കും. സമീപ പ്രദേശങ്ങളായ കണ്ണമാലി കുമ്പളങ്ങി മേഖലകളിൽ നിന്നും 101 സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. അതേസമയം ചെല്ലാനത്തെ വീടുകളിൽ പൊലീസും റവന്യു വകുപ്പും ചേർന്ന് ആവശ്യ സാധനങ്ങളെത്തിച്ചു. സന്നദ്ധ പ്രവർത്തകരോടൊപ്പമാണ് ആവശ്യമായ അരിയും ഭക്ഷ്യസാധനങ്ങളും കൈമാറിയത്. മൊബൈൽ മെഡിക്കൽ ഷോപ്പും പഞ്ചായത്തിൽ സജീവമായിരുന്നു.ഒരു ഡോക്‌ടറും ഫാർമസിസ്റ്റും സന്നദ്ധപ്രവർത്തകനുമാണ് വാഹനത്തിലുണ്ടായിരുന്നത്.

കൂടുതൽ ചികിത്സ സൗകര്യങ്ങൾ

ചെല്ലാനത്ത് എഫ്. എൽ. ടി. സി സംവിധാനം ( ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ )സജ്ജമാക്കും. സെന്റ്. ആന്റണിസ് പള്ളിയോട് ചേർന്നുള്ള കെട്ടിടമാണ് എഫ്. എൽ. ടി. സി ആയി ഉപയോഗിക്കുക. 50 കിടക്കകൾ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അനുവദിച്ചിട്ടുള്ള അഞ്ചു കിലോഗ്രാം അരി വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അരി വീടുകളിൽ എത്തിച്ചു നൽകും. ഇവർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് പ്രതിനിധികൾക്ക് നിർദേശം നൽകി.

എസ്.സുഹാസ്,ജില്ലാ കളക്ടർ