കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുമായി ഇടപഴകിയ ഡോക്ടർമാരും ജീവനക്കാരുമടക്കം പത്തോളം പേരെ ക്വാറന്റൈനിലാക്കി.
രോഗലക്ഷണങ്ങൾ തോന്നി കോട്ടയം മെഡിക്കൽ കോളേജിൽ സ്വമേധയാ നടത്തിയ പരിശോധനയിലാണ് ഫലം പോസറ്റീവായത്. 39കാരനായ ഡോക്ടർ നിലവിൽ കോട്ടയത്താണ്. ഒരാഴ്ചയായി ഡോക്ടർ ഡ്യൂട്ടിക്ക് വരാതിരുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. സിറിയക് കേരളകൗമുദിയോട് പറഞ്ഞു.
ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലായ് 8 മുതൽ കാർഡിയോളജി വിഭാഗത്തിൽ പുതിയ രോഗികളെ കിടത്തി ചികിത്സിക്കുന്നില്ല. കാർഡിയോളജിയിലും മെഡിക്കൽ വാർഡിലുമായി നിലവിൽ 18 പേർ ഐ.സി.യുവിലും 22 പേർ വാർഡിലുമുണ്ട്. ഡോക്ടർമാരടക്കം 55 പേർ ക്വാറന്റൈനിലാണ്. ഇവരുടെ പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല.
മുമ്പ് ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച മറ്റൊരു രോഗിയുമായി സമ്പർക്കത്തിൽ വന്ന ആരോഗ്യപ്രവർത്തകയടക്കം മൂന്നുപേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.