car

കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വപ്നയും സംഘവും കടത്തിയ സ്വർണം ഏറ്റുവാങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാലിനെ കസ്‌റ്റംസ് പ്രി​വന്റീവ് വിഭാഗം അറസ്‌റ്റ് ചെയ്‌തു. സ്വർണം കടത്താൻ ഉപയോഗിച്ച കാറിൽ രഹസ്യ അറയും കണ്ടെത്തി.

നേരത്തേ അറസ്‌റ്റിലായ സന്ദീപ് നായരിൽ നിന്ന് ആദ്യം പെരിന്തൽമണ്ണ സ്വദേശിയായ കെ.പി. റെമീസാണ് സ്വർണം കൈപ്പറ്റിയത്. ഇയാൾ ജലാലിന് കൈമാറുന്നതായിരുന്നു രീതി. നിരവധിയാളുകളിൽ നിന്ന് കൈമറിഞ്ഞാണ് സ്വർണം യഥാർത്ഥ കേന്ദ്രങ്ങളിലെത്തുന്നത്. . ജലാലിന്റെ സംഘത്തിലെ രണ്ടു പേർ കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിലായി.രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ സ്വർണം കട‌ത്താൻ ആളുകളെ നിയോഗിച്ചത് ജലാലാണെന്ന് കസ്‌റ്റംസ് കണ്ടെത്തി. കേരളത്തിനു പുറമേ മുംബെ, ചെന്നൈ, ബംഗളുരു വിമാനത്താവളങ്ങളിലൂടെയാണ് സ്വർണം കടത്തിയത്.

റെമീസിൽ നിന്നാണ് ജലാലിനെക്കുറിച്ചുള്ള വിവരങ്ങൾ കസ്‌റ്റംസിന് ലഭിച്ചത്. സന്ദീപ് നായരുമായി ജലാലിന് വർഷങ്ങളുടെ അടുപ്പമുണ്ട്. സന്ദീപ്, റെമീസ്, ജലാൽ എന്നിവർ പല സംഘങ്ങളിൽ നിന്ന് സ്വർണ കൈമാറ്റത്തിന് ഇടനിലക്കാരായി.സ്വർണക്കടത്തിൽ വർഷങ്ങളുടെ പരി​ചയമുണ്ട് ജലാലി​ന്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ രണ്ട് വർഷം മുമ്പ് സ്വർണം കടത്തിയ കേസിൽ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കേസെടുത്തതോടെ പിടികിട്ടാപ്പുള്ളിയായി. റെമീസിനെ ചോദ്യം ചെയ്യാനുള്ള കസ്‌റ്റംസിന്റെ കസ്‌റ്റഡി അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും.