ആലുവ: എടയാർ പൊതുശ്മശാനത്തിൽ പ്ളാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.
മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ എന്ന പേരിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കെട്ടിടം പണിയും നടക്കുന്നുണ്ട്.
ഇതിനെതിരെ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
നിർമ്മാണം വാർഡ് മെമ്പർ ടി.ജെ. ടൈറ്റസിന്റെ നേതൃത്വത്തിൽ തടഞ്ഞിരിക്കുകയാണ്. ശ്മശാനത്തിന്റെ സ്ഥലത്ത് മറ്റൊന്നും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും, വൃത്തിയായും, മനോഹരമാക്കിയും ശ്മശാനം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നാസർ എടയാർ, എം.ആർ. രാജേഷ്, ബിന്ദു രാജീവ്, ടി.എച്ച്. ഷഹയാസ്, മനൂപ് അലി എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിച്ചത്.
പഞ്ചായത്ത് കമ്മറ്റിയെ വിവരം ധരിപ്പിച്ച് തീരുമാനമുണ്ടാക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകി.
വർഷങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിൽ എടയാർ വ്യവസായമേഖലയിൽ ഒരു വർഷം മുമ്പാണ് 50 സെന്റ് ഭൂമിയിൽ പൊതുശ്മശാനം തുറന്നത്. വ്യവസായ വകുപ്പു സ്ഥലം വിട്ടുനൽകുമ്പോൾ ഭൂമി ശ്മശാനത്തിന് മാത്രമെ ഉപയോഗിക്കാവുവെന്ന് നിർദ്ദേശമുണ്ടായിരുന്നു.
ശുദ്ധിയോടും വൃത്തിയുള്ള അന്തരീക്ഷത്തിലും ചെയ്യേണ്ട മരണാനന്തര കർമ്മങ്ങൾ മാലിന്യ കൂമ്പാരത്തിനുള്ളിൽ വച്ച് ചെയ്യേണ്ട സാഹചര്യം ഇതുമൂലം ഉണ്ടാകും. നീക്കം തടണയമെന്ന് ആവശ്യപ്പെട്ട് കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി തദ്ദേശ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകി.