പറവൂർ : നിർദ്ധിഷ്ട തീരദേശപാതയിലെ അഴിക്കോട് - മുനമ്പം പാലം അഴിക്കോട് - സത്താർ ഐലന്റ് - കൊട്ടുവള്ളിക്കാട് മാല്യങ്കര വഴി മുനമ്പത്തെത്തുന്ന വിധത്തിൽ നിർമ്മിയ്ക്കണമെന്ന് തീരദേശ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ അഴിക്കോട് നിന്നും നേരെ മുനമ്പത്തേക്ക് പാലം പണിയുന്നതിനാണ് പദ്ധതി. ഇത് നടപ്പിലായാൽ മുനമ്പത്തെ മത്സ്യബന്ധന വ്യവസായ മേഖലയ്ക്ക് വൻ തിരിച്ചടിയുണ്ടാകും. മുനമ്പം ഹാർബറിന്റെ വികസനം പാടേ നിലച്ചു പോകും. ഹാർബർ താമസിയാതെ മേജർ പോർട്ടായി വികസിയ്ക്കേണ്ടതാണ്. തീരദേശ റോഡിനെ ദേശിയപാതമായി എളുപ്പത്തിൽ ബന്ധിപ്പിയ്ക്കാനും കഴിയും. പാലത്തിനുള്ള ചെലവു കുറയുകയും ചെയ്യും. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സർക്കാർ സ്വീകരിയ്ക്കണമെന്ന് വികസന സമിതി ഭാരവാഹികളായ എൻ.കെ. അച്ചുതൻ, രാജു തറയിൽ,പി.വി. ബൈജൂ എന്നിവർ ആവശ്യപ്പെട്ടു.