കൊച്ചി: ചെല്ലാനത്തെ കൊവിഡ് രോഗികളുടെ കൃത്യമായ എണ്ണം സർക്കാർ ബോധപൂർവ്വം മറച്ച് വയ്ക്കുന്നതായി ഹൈബി ഈഡൻ എം.പി ആരോപിച്ചു. നിലവിൽ കൊവിഡ് പോസിറ്റീവായി കളമശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡ്‌ലക്‌സ് സെന്ററിലും അഡ്മിറ്റ് ചെയ്ത ചെല്ലാനംകാരുടെ എണ്ണം 80 ആണ്. സർക്കാർ കണക്ക് പ്രകാരം ഇത് 34 ആണ്. എന്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു മറച്ച് വയ്ക്കലെന്ന് മനസിലാകുന്നില്ലെന്നും ഹൈബി ഈഡൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ചെല്ലാനത്തെ സ്ഥിതി ഗുരുതരമാണ്. കൃത്യമായ ഇടപെടൽ നടത്താതിരുന്നാൽ സൂപ്പർ സ്‌പ്രെഡിലേക്ക് പോകും. പഞ്ചായത്തിലെ രണ്ടോ മൂന്നോ വാർഡിൽ നിന്നാണ് ഇത്രയധികം രോഗികൾ. രണ്ട് ദിവസമായി ജില്ലാ കളക്ടറോട് ഇത് സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ല. കണക്കുകൾ മറച്ച് വയ്ക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാരിൽ നിന്ന് നിർദേശം നല്കിയിട്ടുണ്ടോ എന്ന് സംശയിക്കണം.

ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനല്ല, നിജസ്ഥിതി പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. എങ്കി​ൽ മാത്രമേ അവർക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കൂവെന്നും എം.പി പറഞ്ഞു.