പുല്ലുവഴി: രായമംഗലം പഞ്ചായത്തിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് ഇവർക്ക് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രോഗ ബാധയുടെ അടിസ്ഥാനത്തിൽ എം.സി റോഡിൽ നിന്നും കയറുന്ന 11,16 വാർഡുകളുടെ പ്രധാന ഭാഗങ്ങളായ പുല്ലുവഴി പ്രധാന ജംഗ്ഷൻ, വില്ലേജ് ഓഫീസ് എന്നീ ഭാഗങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് വെള്ളാഞ്ഞിയിൽ പറഞ്ഞു.നേരത്തെ 13,14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. എം.സി റോഡു വഴി ഗതാഗത തടസമുണ്ടാക്കാത്ത വിധമാണ് ക്രമീകരണങ്ങൾ.പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഇരുന്നൂറോളം പേർ വരും.സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ രായമംഗലം പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ റാൻഡം ടെസ്​റ്റ് ഇന്ന് തുടങ്ങും. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ പനിയുള്ളവരെയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.ഇവിടെ കൊവിഡ് ബാധിച്ചു മരിച്ച പുല്ലുവഴി മനയ്ക്കപ്പടി പൊന്നേമ്പിള്ളി പി.കെ.ബാലകൃഷ്ണൻ നായരുടെ സമ്പർക്കപ്പട്ടികയിൽ 46 പേർ നിരീക്ഷണത്തിലാണ്.