കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.മൂവാറ്റുപുഴയിൽ നിന്നുള്ള 59 വയസുകാരൻ ന്യൂമോണിയ ബാധിച്ചു ഐ.സി.യുവിൽ വെൻറിലേറ്ററിലാണ്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ല. 67 വയസുകാരനായ ആലുവ എൻ.എ.ഡി സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിതനായി വെൻറിലേറ്ററിൽ തുടരുന്നു. ഇദ്ദേഹത്തിന്റെ പ്രമേഹം അനിയന്ത്രിതമായി തുടരുന്നത് നില വഷളാക്കിയിട്ടുണ്ടെന്നും നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ പറഞ്ഞു.ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 75 വയസുള്ള കൊവിഡ് രോഗിയെ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ. സി. യു വിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതം, കടുത്ത ശ്വാസകോശ രോഗം, പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് തകരാറ് എന്നിവയോടെയാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെത്തിച്ചത്.