ആലുവ: കൊവിഡ് രോഗ വ്യാപനത്തെ തുടർന്ന് ആലുവ നിശ്ചലമായിട്ട് ഒരാഴ്ച. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായി. ലഭ്യമായവയ്ക്ക് കടയുടമകൾ അമിത വില ഈടാക്കുന്നതായും ആക്ഷേപം.
ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് കൊവിഡ് രോഗ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ അഞ്ച്, ആറ് തീയതികളിൽ പച്ചക്കറി, മത്സ്യ മാർക്കറ്റ് പൂർണമായി അടച്ചിരുന്നു. 7,8 തീയതികളിൽ ഉപാധികളോടെ മൊത്തവ്യാപാരം അനുവദിച്ചു.
രോഗ വ്യാപനം കൂടുതൽ രൂക്ഷമായതോടെ പത്താം തീയതി മുതൽ ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും പൂർണമായി അടച്ചു.
പലവ്യഞ്ജന സാധനങ്ങളും ലഭ്യമല്ലാതായതോടെയാണ് ജനം വിഷമത്തിലായത്. വാർഡുകളിൽ ഒരു പച്ചക്കറി കടയും ഒരു പലചരക്ക് കടയും തുറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ലഭ്യതകുറവ് മൂലം ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. സ്റ്റോക്കുള്ളവർ കൊവിഡിനെ ഭയന്ന് തുറക്കാനും തയ്യാറാകുന്നില്ല. മുറി വാടകക്കെടുത്ത് താമസിക്കുന്നവരാണ് ഏറെ പ്രതിസന്ധിയിൽ.