ഹർജി നൽകിയത് കേരളത്തിൽ കുടുങ്ങിയ അമേരിക്കൻ പൗരനും കുടുംബവും

കൊച്ചി : ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയ അമേരിക്കൻ പൗരനും കുടുംബവും തങ്ങളുടെ വിസ കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. കാലിഫോണിയയിലുള്ള ഗുസ്താവോ മരിയോ ക്വിന്തറോസാണ് തനിക്കും ഭാര്യയ്ക്കും മൂന്നു വയസുള്ള കുട്ടിക്കും വിസ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. കേരളത്തിൽ നിലവിലുള്ള ഒരു കമ്പനിയുമായി ചേർന്ന് ചികിത്സാ രംഗത്ത് പുതിയ സ്ഥാപവം തുടങ്ങാൻ 2019 ജൂലായ് 27 നാണ് ഗുസ്താവോയും കുടുംബവും ഇവിടെ എത്തിയത്. ഇയാളുടെ ബിസിനസ് വിസയ്ക്ക് 2020 ജൂലായ് 17 വരെയും ഭാര്യയുടെയും കുട്ടിയുടെയും ടൂറിസ്റ്റ് വിസയ്ക്ക് 2020 ജൂൺ 23 വരെയുമായിരുന്നു കാലാവധി ഉണ്ടായിരുന്നത്. മാർച്ചിൽ കൊവിഡ് ഭീഷണി മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത സ്ഥിതിയായെന്നും ഇപ്പോൾ കൊല്ലത്താണ് താമസിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. വിസ കാലാവധി ഒരു വർഷം നീട്ടണമെന്ന് ആവശ്യപ്പെട്ട് ന്യൂഡെൽഹിയിലെ ഇമിഗ്രേഷൻ കമ്മിഷണർക്കും ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഒാഫീസർക്കും നിവേദനം നൽകിയെങ്കിലും അടുത്ത ആഗസ്റ്റ് ഒന്നുവരെ കാലാവധി നീട്ടി നൽകി. എന്നാൽ ബിസിനസ് ജോലികൾ പൂർത്തിയാക്കണമെങ്കിൽ ഒരു വർഷം കൂടി കേരളത്തിൽ തങ്ങേണ്ടി വരുമെന്നും വിസ കാലാവധി 2021 ആഗസ്റ്റ് ഒന്നു വരെ നീട്ടി കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനായി സമർപ്പിച്ച നിവേദനങ്ങൾ പരിഗണിച്ചു തീർപ്പാക്കാൻ അധികൃതരോടു നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.