കൊച്ചി : മട്ടാഞ്ചേരി തുരുത്തി കോളനിയിൽ മുടങ്ങിക്കിടക്കുന്ന ഭവന നിർമ്മാണ പ്രവർത്തനങ്ങൾ പുന: ആരംഭിക്കാൻ കൊച്ചി നഗരസഭ ഒരുമാസത്തിനുള്ളിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ചേരി നിർമ്മാർജ്ജനത്തിനു വേണ്ടിയുള്ള രാജീവ് ആവാസ് യോജന (റേ) പദ്ധതിയനുസരിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ മുടങ്ങിയിട്ട് 14 മാസമായെന്നും തുടർ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് കരാറുകാരായ സിറ്റ്കോ അസോസിയേറ്റ്സ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. കരാർ പുതുക്കുന്നതിനുള്ള നടപടികൾക്ക് കൊച്ചി നഗരസഭ ഉണർന്നു പ്രവർത്തിക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭ നീതിയുക്തവും സത്യസന്ധവുമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. നേരത്തെയുള്ള കരാർ പ്രകാരം 2019 ഫെബ്രുവരിയിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ എസ്റ്റിമേറ്റിലെ അപാകതകളെത്തുടർന്ന് വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടി വന്നു. ഇതിനു അംഗീകാരവും ലഭിച്ചു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചു സപ്ളിമെന്ററി കരാർ ഒപ്പിടണം, സമയം നീട്ടി നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കരാർ കമ്പനി നഗരസഭക്ക് നിവേദനം നൽകി. ഇതിൽ നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. 2013 ൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ പദ്ധതിയാണിത്.