കൊച്ചി: കസ്റ്റംസിന്റെ ചോദ്യശരങ്ങളിൽ രണ്ടു ദിവസം പിടിച്ചുനിന്ന സരിത്തിന് കമ്മിഷണർ സുമിത് കുമാർ കൂടി രംഗത്തെത്തിയതോടെ മനസിലൊളിപ്പിച്ച രഹസ്യങ്ങളുടെ കെട്ടഴിക്കേണ്ടിവന്നു. ഇതോടെ സംശയനിഴലിലായ ശിവശങ്കറിനെ ഉടൻ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിക്കുകയായിരുന്നു.
സന്ദീപ് നായരിൽ നിന്ന് സ്വർണം ഏറ്റുവാങ്ങുന്ന പെരിന്തൽമണ്ണ സ്വദേശി റെമീസിനെക്കുറിച്ചായിരുന്നു ആദ്യ വെളിപ്പെടുത്തൽ. ഇതിന്റെ പിന്നാലെ പാഞ്ഞ കസ്റ്റംസ് സ്വർണക്കടത്തുകാരായ മൂവാറ്റുപുഴ സ്വദേശി ജലാൽ ഉൾപ്പെടെ മൂന്നു പേരെ പിടികൂടി.
ഇതിനുശേഷമാണ് ശിവശങ്കറിന്റെ ഫ്ളാറ്റിലെ കൂടിച്ചേരലുകൾ വെളിപ്പെടുത്തിയത്. എല്ലാവരും തിരുവനന്തപുരത്തുള്ളപ്പോൾ ഒത്തുചേരലിന്റെ പ്രധാന ഇടമായിരുന്നു ശിവശങ്കറിന്റെ ഫ്ലാറ്റെന്ന് മൊഴി നൽകി. സ്വർണക്കടത്ത് നീക്കങ്ങൾ അവിടെവച്ചാണ് പ്ളാൻ ചെയ്തത്. എന്നാൽ, ശിവശങ്കറിന് പങ്കില്ലെന്നും സരിത്ത് വ്യക്തമാക്കി. ഇക്കാര്യങ്ങൾ കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. നിരവധി തവണ ഫ്ളാറ്റിൽ കൂടിയപ്പോഴും ഇതായിരുന്നു പ്രധാന സംസാരമെങ്കിൽ ശിവശങ്കർ അറിയാതിരിക്കുമോ എന്നാണ് സംശയം. ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് അവർക്ക് സങ്കേതമൊരുക്കിയതെങ്കിൽ ഗുരുതരമായ കുറ്റമാണ്. അതോടെയാണ് എൻ.ഐ.എയ്ക്ക് മുമ്പേ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. സരിത്തിന്റെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകുന്ന ദിവസമാണ്. അതിനെ മുമ്പേ ശിവശങ്കറിനെ ചോദ്യം ചെയ്തശേഷം ഒരു റൗണ്ടു കൂടി സരിത്തിനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.
സരിത്തും സ്വപ്നയും കോൺസുലേറ്റിൽ ജോലി ചെയ്തതിനാൽ ശിവശങ്കറിനെ പരിചയമുണ്ടാകും. എന്നാൽ, സ്വർണക്കടത്തുകാരനായ സന്ദീപുമായി ബന്ധം പുലർത്തിയതിനെക്കുറിച്ച് കസ്റ്റംസിന് സംശയങ്ങൾ ഏറെയാണ്.
സംസ്ഥാനത്ത് ആദ്യമായാണ് സ്വർണക്കടത്ത് കേസിൽ ഇത്രയും വേഗത്തിൽ കസ്റ്റംസിന്റെ അന്വേഷണം. കമ്മിഷണർ സുമിത് കുമാറിന്റെ കടുത്ത നിലപാടും മുഴുവൻ കണ്ണികളെയും പിടികൂടണമെന്ന ഉത്തരവുമാണ് ചടുലനീക്കത്തിന് പിന്നിൽ.
സ്വപ്നയുടെ ഭർത്താവ് കഴിഞ്ഞ മാസം അവസാനം ശിവശങ്കറിന്റെ ഫ്ളാറ്റിന് സമീപം ഫ്ളാറ്റ് വാങ്ങിയതായി സൂചനയുണ്ടെന്നും സരിത്ത് വെളിപ്പെടുത്തി. ശിവശങ്കറിനെ എന്തിനാണ് നിരവധി തവണ വിളിച്ചതെന്ന ചോദ്യത്തിന് സരിത്ത് വ്യക്തമായ മറുപടി നൽകിയില്ല.
സ്വപ്നയും സന്ദീപുമായുള്ള ശിവശങ്കറിന്റെ
ഫോൺ സംഭാഷണവും അന്വേഷിക്കും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും,സന്ദീപ് നായരുമായുള്ള മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ ടെലഫോൺ സംഭാഷണ രേഖകളും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി രാജേഷ് കുമാർ സിംഗും ഉൾപ്പെട്ട സമിതി അന്വേഷിക്കും. ഇന്റലിജൻസ് റിപ്പോർട്ടുകളടക്കം വരുത്തി പരിശോധിച്ചാവും സമിതി സർക്കാരിന് റിപ്പോർട്ട് നൽകുകയെന്ന് .മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കും. വസ്തുതാപരമായ വീഴ്ചകളുണ്ടായെന്ന് അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടിയുമുണ്ടാവും. ഇപ്പോൾ വന്നത് ടെലഫോണിൽ സംസാരിച്ചതിന്റെ രേഖകളാണ്. മറ്റ് വിശദാംശങ്ങൾ വരട്ടെയെന്നും, ശിവശങ്കറിന്റെ സസ്പെൻഷൻ വൈകുന്നതിനെപ്പറ്റി ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. ഒരാളെ സസ്പെൻഡ് ചെയ്യണമെങ്കിൽ വസ്തുതാപരമായ അടിസ്ഥാനമുണ്ടാവണം. നാളെയത് ഉണ്ടാവില്ലെന്നല്ല. നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിവുള്ളയാളെന്ന നിലയിലാണ് ശിവശങ്കറിനെ തന്റെ ഓഫീസിൽ നിയമിച്ചത്. . അതിനിടയിൽ ഇങ്ങനെയൊരാക്ഷേപം വന്നതിനാലാണ് പുറത്താക്കിയത്. സ്പ്രിൻക്ലർ വിവാദമുണ്ടായപ്പോഴേ പുറത്താക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന സി.പി.ഐയുടെ വാദം ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെയെങ്കിൽ ഇദ്ദേഹത്തെ നിയമിച്ചത് തന്നെ പ്രശ്നമായെന്നും പറയാമല്ലോ എന്നായിരുന്നു മറുപടി. വിവാദ വനിതയെ ബന്ധുവാണെന്ന് പറഞ്ഞ് ശിവശങ്കർ ആർക്കെങ്കിലും പരിചയപ്പെടുത്തിയതായി അറിവില്ല. ഈ വനിതയുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കുള്ള ബന്ധം അറിയിക്കാത്തത് സംസ്ഥാന പൊലീസിലെ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ പരാജയമല്ലേയെന്ന ചോദ്യത്തിന്, അക്കാര്യം വേറെ പരിശോധിക്കാമെന്നായിരുന്നു മറുപടി. വിവാദ വനിതയ്ക്ക് നിയമനം നൽകുന്നതിനെതിരെ രണ്ട് മാസം മുമ്പ് വന്ന സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രിയെ അറിയിക്കാതെ ഓഫീസിൽ പൂഴ്ത്തിയെന്ന ആരോപണവും ഇതിനിടയിൽ സൃഷ്ടിക്കപ്പെട്ട അനേകം കഥകളിലൊന്ന് മാത്രമാണ് . നിങ്ങൾ (മാദ്ധ്യമങ്ങൾ) പറയുന്ന കഥയിൽ വസ്തുതകളുണ്ടെങ്കിൽ കൊണ്ടുവന്നോളൂ - മുഖ്യമന്ത്രി പറഞ്ഞു..