# തൃക്കാക്കര നഗരസഭയിലെ 45 അനധികൃത കച്ചവടക്കാർക്ക് കൂടി ഇന്ന് അംഗീകാരം ലഭിച്ചേക്കും
തൃക്കാക്കര : തൃക്കാക്കര നഗരസഭയിൽ വഴിയോരക്കച്ചവടക്കാരുടെ ലിസ്റ്റ് തോന്നിയപോലെ മാറിമറിയുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനർഹരെപോലും തിരുകിക്കയറ്റാനാണ് ശ്രമങ്ങൾ.
2018 മാർച്ച് 31 ന് മുമ്പ് അപേക്ഷിച്ച 128 പേരെ മാത്രമേ ലിസ്റ്റിൽ ഉൾപ്പെടുത്താവൂ എന്ന് കൗൺസിൽ തീരുമാനമുണ്ട്. അതനുസരിച്ച് പട്ടികയും തയ്യാറാക്കി. സമയപരിധി കഴിഞ്ഞ് നാനൂറോളം പേരുടെ അപേക്ഷ കൂടി സ്വീകരിച്ചു. ഇവരിൽ നിന്ന് സ്വാധീനമുള്ള 45 പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കാനാണ് ഇന്നലെ കൗൺസിൽ യോഗത്തിൽ
നീക്കം.
ചെമ്പുമുക്ക് -പടമുകൾ -സീപോർട്ട് എയർ പോർട്ട് റോഡ്, ഐ.എം.ജി, കളക്ടറേറ്റ് ജംഗ്ഷനുകൾ തുടങ്ങിയ പ്രദേശങ്ങളിൽ പൊതുസ്ഥലം കൈയേറി കച്ചവടം തുടങ്ങിയവരെ പട്ടികയിൽ പെടുത്താനാണ് ശ്രമം.
കൈയ്യേറ്റം വ്യാപകമായതോടെ മുൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുളളയുടെ നേതൃത്വത്തിൽ കുറേ കടകൾ നീക്കം ചെയ്തിരുന്നു. പിന്നീട് രാഷ്ട്രീയ ഇടപെടൽ വന്നതോടെ അതും നിലച്ചു.
നഗരസഭ കൈയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
ചില കൗൺലർമാരുടെ ഒത്താശയോടെയാണ് അനധികൃത കൈയ്യേറ്റക്കാർ പെരുകുന്നത്.
റോഡ് പുറമ്പോക്കില്‍ ഷെഡുകള്‍ കെട്ടി വൻ തുക ദിവസ വാടക വാങ്ങുന്ന വഴിയോര കച്ചവട മാഫിയ സംഘങ്ങൾ അന്യസംസ്ഥാനക്കാരെ ബിനാമി പേരില്‍ ലിസ്റ്റില്‍ തിരുകി കയറ്റുന്നതായും ആരോപണമുണ്ട്. കാക്കനാട് പ്രധാന റോഡുകളെല്ലാം അനധികൃത കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.