ആലുവ: ആലുവ ജനറൽ മാർക്കറ്റ് പുലർച്ചെ നാല് മുതൽ എട്ട് വരെ ഉപാധികളോടെ തുറക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നൽകിയെങ്കിലും അപ്രായോഗികമാണെന്ന കാരണം പറഞ്ഞ് വ്യാപാരികൾ തള്ളി.

മാർക്കറ്റിനെ രണ്ട് സോണുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ചെറുകിട കച്ചവടക്കാർക്ക് പുലർച്ചെ നാലിന് ശേഷം മൊത്തവ്യാപാരികൾ സ്വന്തം വാഹനത്തിൽ കണ്ടെയ്മെന്റ് സോൺ പരിധി വരെ എത്തിച്ച് നൽകണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ഇന്നലെ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശം ഉണ്ടായത്.

ഭക്ഷ്യക്ഷാമം പരിഹരിക്കാൻ പ്രായോഗികമായ നടപടികളാണ് വേണ്ടതെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു പറഞ്ഞു.