കൊച്ചി: കൊവിഡ് വ്യാപനം പശ്ചാത്തലത്തിൽ പെരുമ്പടപ്പ് മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ കൊച്ചി നഗരസഭ തീരുമാനിച്ചു. ഇതോടൊപ്പം നഗരസഭപരിധിയിലെ എല്ലാ മാർക്കറ്റുകളിലും പരിശോധന കർശനമാക്കും. വള്ളങ്ങളുടെ ലാൻഡിംഗ് കേന്ദ്രങ്ങളിൽ നടക്കുന്ന മത്സ്യക്കച്ചവടത്തിനും നിരോധനം ബാധകമാണെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. കച്ചവടക്കാർക്ക് ഇന്ന് നോട്ടീസ് നൽകും. നാളെ മുതൽ നിരോധനം പ്രാബല്യത്തിലാകും. സമീപ പ്രദേശങ്ങളിലെ മത്സ്യക്കച്ചവടവും നിരോധിക്കും. കൊവിഡ് രൂക്ഷമായ ചെല്ലാനം, കണ്ണമാലി ഭാഗങ്ങളിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ മറ്റു പ്രദേശങ്ങളിൽ കച്ചവടം നടത്തുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് മേയർ പറഞ്ഞു.

എഫ്. എൽ.സി സംവിധാനം( ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ) ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. മട്ടാഞ്ചേരി ടൗൺഹാൾ, പള്ളുരുത്തി കമ്മ്യൂണിറ്റിഹാൾ എന്നിവിടങ്ങൾ ചികിത്സ കേന്ദ്രങ്ങളായി മാറും. ഓരോ ഡിവിഷനിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് കൗൺസിലർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിനും ഡിവിഷൻ തലത്തിൽ ജാഗ്രത സമിതികൾ ചേരുന്നതിനും യോഗം തീരുമാനിച്ചു. എം.എൽ.എമാരായി.ജെ.വിനോദ്,പി.ടി.തോമസ്,ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.