gol

കൊച്ചി: സ്വർണക്കടത്തു കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയായ കൊടുങ്ങല്ലൂർ കയ്പമംഗലം സ്വദേശി ഫൈസൽ ഫരീദിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായത്തോടെ ബ്ളൂ നോട്ടീസ് ഇറക്കാൻ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ബ്ളൂ നോട്ടീസി​ന് വാറന്റ് വേണമെന്നാണ് വ്യവസ്ഥ. വിദേശത്തുള്ള വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ, ലൊക്കേഷൻ, കുറ്റകൃത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനാണ് ബ്ളൂ നോട്ടീസ്. ദുബായിൽ നിന്ന് സ്വർണം കയറ്റിവിട്ടത് ഫൈസലാണെന്ന് എൻ. ഐ.എ സംഘം പറയുന്നു.

സന്ദീപിന്റെ ബാഗ്

ഇന്ന് തുറക്കും

കൊച്ചി:സന്ദീപ് നായരിൽ നിന്ന് അന്വേഷണ സംഘം ബംഗളൂരുവിൽ വച്ച് പിടിച്ചെടുത്ത് മുദ്രവച്ച ബാഗ് ഇന്ന് എൻ.ഐ എ കോടതിയിൽ തുറന്ന് പരിശോധിക്കും. സ്വർണക്കടത്ത് കേസിൽ നിർണാകയമാവുന്ന തെളിവുകളും പ്രതികളുടെ പങ്കും വ്യക്തമാവുന്ന യു.എ.ഇ കോൺസുലേറ്റിന്റെ വ്യാജമുദ്ര‌യും സീലും രേഖകളും

ഇതിലുണ്ടാവുമെന്നാണ് കരുതുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. രേഖപ്പെടുത്താൻ കോടതി ഉദ്യോഗസ്ഥനുണ്ടാവും.

 സരിത്തിനായി പ്രൊഡക്ഷൻ വാറന്റ്

കസ്റ്റംസ് അറസ്റ്റ് ചെയ്ത സരിത്തിനെ എൻ.ഐ.എ കേസിൽ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും വിട്ടുകിട്ടുന്നതിന് എൻ.ഐ.എ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. സാമ്പത്തിക കുറ്റവിചാരണച്ചുമതലയുള്ള കോടതി സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു കൊടുത്തിരുന്നു. ഇന്നു തിരിച്ച് ഹാജരാക്കും. ഈ ഘട്ടത്തിൽ ഏറ്റുവാങ്ങാനാണ് എൻ.ഐ.എയുടെ നീക്കം.

യു.എ.പി.എ പ്രകാരമാണ് എൻ.ഐ.എ കേസ്.