പള്ളുരുത്തി: മഹാമാരിക്കിടയിലും പിരിവുമായി വിദ്യാഭ്യാസ വകുപ്പ്. ശിശുദിന സ്റ്റാമ്പ് ഇനത്തിൽ ഒരു കുട്ടിയിൽ നിന്ന് 10 രൂപ വീതം പിരിവ് എടുക്കണമെന്നാണ് സ്കൂളുകളിലെ പ്രധാന അദ്ധ്യാപകർക്കുള്ള സന്ദേശം. എ.ഇ.ഒമാർക്ക് അതാത് ഉപജില്ലയുടെ കീഴിലുള്ള സ്കൂളുകൾക്കാണ് സർക്കുലർ അയച്ചിരിക്കുന്നത്. സ്ക്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഈ പണം എങ്ങിനെ പിരിച്ചെടുക്കുമെന്ന ധർമ്മസങ്കടത്തിലാണ് അദ്ധ്യാപകർ.ഓരോ സ്കൂളിനും പണം അടക്കാൻ തിയതിയും നൽകിയിട്ടുണ്ട്. നിലവിൽ കുട്ടികൾ സ്കൂളിൽ വരാത്ത സാഹചര്യത്തിൽ ഈ പണം പ്രധാനദ്ധ്യാപകർ തന്നെ അടക്കേണ്ടി വരുന്ന സ്ഥിതിയാണ്. സ്കൂൾ തുറന്നാലും പണം പിരിക്കുന്നത് ബുദ്ധിമുട്ടാകും. കുറഞ്ഞ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്ക് ഇത് വലിയ ബാദ്ധ്യതയാകില്ലെങ്കിലും ആയിരത്തിനുമേൽ വിദ്യാർത്ഥികളുള്ള സ്കൂളുകൾക്ക് ഇത് തലവേദനയാകും. കൊവിഡ് കാലത്തെ ഈ തീരുമാനത്തിൽ നിന്നും വിദ്യഭ്യാസ വകുപ്പ് പിൻമാറണമെന്നാണ് ആവശ്യം ഉയർന്നിട്ടുണ്ട്.