കൊച്ചി: നയതന്ത്ര ചാനലിലൂടെ രണ്ടു വർഷത്തിനിടെ 150 കിലോയിലധികം സ്വർണം കടത്തിയെന്ന് സ്വപ്‌ന എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സന്ദീപ് നായരും സരിത്തും കടത്തിൽ പങ്കാളികളാണ്.

കഴിഞ്ഞ ജൂൺ 24, 26 തീയതികളിൽ 27 കിലോ സ്വർണം കടത്തി. ഈ ദിവസങ്ങളിൽ സരിത്തും സ്വപ്‌നയും നിരവധി തവണ യു.എ.ഇ കോൺസുലേറ്റ് പ്രതിനിധി റാഷിദ് ഖാമിസിനെ മൊബൈൽ ഫോണിൽ വിളിച്ചു. റാഷിദ് ഇരുവരെയും തിരിച്ചു വിളിച്ചതിന്റെയും കാൾ വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചു.

സ്വപ്നയ്ക്കും സരിത്തിനും ഒപ്പമല്ലാതെ നിരവധി തവണ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയതായി സന്ദീപ് സമ്മതിച്ചു. മൂവാറ്റുപുഴ സ്വദേശി ജലാലിനും പെരിന്തൽമണ്ണ സ്വദേശി റെമീസിനുമാണ് കൂടുതൽ തവണ സ്വർണം കൈമാറിയത്. അവർ ആർക്കൊക്കെ കൊടുത്തുവെന്ന് അറിയില്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി.

സ്വർണക്കടത്ത് ഭീകരപ്രവർത്തനത്തിനാണെന്ന് അറിയില്ലായിരുന്നുവെന്ന് സ്വപ്നയും സന്ദീപും പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് എൻ.ഐ.എ അധികൃതർ അറിയിച്ചു.

പ്രതിഫലം പണമായാണ് ലഭിച്ചത്. ഇത് കൈകാര്യം ചെയ്‌തിരുന്നത് സന്ദീപാണെന്ന് സ്വപ്നയും പണം സ്വപ്‌നയ്ക്കും സരിത്തിനും വീതിച്ചു നൽകിയെന്ന്

സന്ദീപും പറഞ്ഞു. മൂവരു‌ടെയും അക്കൗണ്ട് വിവരങ്ങൾ ബാങ്ക് അധികൃതരോട് എൻ.ഐ.എ തേടി. ഫൈസൽ ഫരീദാണ് സ്വർണം അയച്ചതെന്ന് ഇരുവരും സമ്മതിച്ചു. പുറത്തുവന്ന ചിത്രം ഫൈസലിന്റേതാണ്. ഇയാളുമായി തിരുവനന്തപുരത്തും ദുബായിലും കൂടിക്കാഴ്ച നടത്തി. ഫൈസൽ അയയ്ക്കുന്ന സ്വർണം സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്യുകയാണ് തന്റെ ദൗത്യമെന്നും സ്വപ്‌ന പറഞ്ഞു.

യു.എ.ഇ കോൺസുലേറ്റ് പ്രതിനിധി റാഷിദിന്റെ പങ്കിനെക്കുറിച്ച് ഇരുവരും വ്യക്തമാക്കിയതായി എൻ.ഐ.എ സൂചന നൽകി. കോൺസുലേറ്റിലെ മലയാളിയായ ഡ്രൈവർക്കും സ്വർണക്കടത്തിൽ പങ്കുള്ളതായി എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചു. രക്തസമ്മർദ്ദം കുറയുന്ന രോഗമുള്ള സ്വപ്ന അസ്വസ്ഥത പ്രകട‌ിപ്പിച്ചതോടെ ചോദ്യംചെയ്യൽ പലതവണ തടസപ്പെട്ടു. ഡോക്‌ടറെ എൻ.ഐ.എ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി പരിശോധിച്ചു.