high-court

കൊച്ചി: കൊവിഡ് വ്യാപനം തടയാനുള്ള സർക്കാർ മാർഗനിർദ്ദേശങ്ങളും കോടതി ഉത്തരവുകളും പാലിക്കാതെ രാഷ്‌ട്രീയപ്പാർട്ടികളും സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങൾ തടയണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാൻ സംഘടനകൾക്കും പൗരന്മാർക്കും ബാദ്ധ്യതയുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സമരങ്ങൾ തടയാൻ നടപടി എടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ചട്ടം ലംഘിച്ച് പ്രതിഷേധ സമരങ്ങളും ധർണകളും നടത്തിയവർക്കെതിരെ 2005 ലെ ദുരന്ത നിവാരണ നിയമം, 2020 ലെ കേരള പകർച്ചവ്യാധി തടയൽ ഓർഡിനൻസ് എന്നിവ പ്രകാരം സ്വീകരിച്ച നടപടികൾ അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

എറണാകുളം സ്വദേശികളായ അഡ്വ. ജോൺ നമ്പേലി ജൂനിയർ, പ്രവീൺ ജി. പൈ, സജി വി. നായർ തുടങ്ങിയവരുൾപ്പെടെ നൽകിയ ഒരുകൂട്ടം ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. നിയമവിരുദ്ധമായി സമരം ചെയ്യുന്ന സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.