bangless-with-covid-
വളയിടൽ

• കൂടുതൽ പേർക്ക് പനി​

ആലുവ: കീഴ്മാട് പഞ്ചായത്ത് കൊവിഡിന്റെ ഉത്ഭവകേന്ദ്രമായത് വിവാഹനത്തിന് മുന്നോടിയായി​ ഒൗചി​ത്യമി​ല്ലാതെ സംഘടി​പ്പി​ച്ച വളയിടൽ ചടങ്ങ്. മാനദണ്ഡം ലംഘിച്ച് ജൂൺ 26ന് നടന്ന ചടങ്ങിൽ പങ്കെടുത്ത 89 പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.

സമ്പർക്കപട്ടികയിൽ 180 ഓളം പേരുണ്ട്. ഇവരി​ൽ 18 പേർക്ക് കൊവിഡ് വന്നു. ചിലർ പനി ലക്ഷണങ്ങളുമായുണ്ട്. ഇനിയും രോഗബാധിതരുടെ എണ്ണം കൂടിയേക്കും.

കുട്ടമശേരിയിൽ കീഴ്മാട് റോഡിന് സമീപം മുണ്ടേത്ത് സുധീറിന്റെ മകളുടെ വിവാഹത്തിന് മുന്നോടിയായ ചടങ്ങാണ് വിനയായത്. സുധീറിന്റെ അടുത്ത ബന്ധുവായ കരാറുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ ഭാര്യയ്ക്കും മകനും. തൊട്ടടുത്ത ദിവസങ്ങളിലായി വീട്ടുകാർ ഉൾപ്പെടെ കീഴ്മാട് സ്വദേശികളായ 12 പേർക്ക് രോഗമുണ്ടായി​.

പങ്കെടുത്ത കോതമംഗലം കവളങ്ങാട് സ്വദേശികളായ മൂന്ന് പേരും രോഗബാധി​തരായി​.

• ചടങ്ങിനെത്തിയ 89 പേർക്കെതിരെ കേസ്

സർക്കാർ ഉത്തരവ് ലംഘിച്ചതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും സെക്ഷൻ 188, 269 (ഐ.പി.സി), 42 (സി) പ്രകാരമാണ് പൊലീസ് കേസെടെന്ന് സി.ഐ. എൻ. സുരേഷ്‌കുമാർ പറഞ്ഞു. ക്ഷണിച്ചവർ മാത്രമല്ല, നിയമം ലംഘിച്ച് ചടങ്ങിനെത്തിയവരും കുറ്റക്കാരായതിനാലാണ് പങ്കെടുത്തവർക്കെതിരെയും കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പാണെങ്കിലും പ്രതികൾ കോടതിയിൽ പിഴ ഒടുക്കേണ്ടിവരും.