jalal

കൊച്ചി: കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള രണ്ടു കോടിയുടെ മാസ്ക് ഫിലിപ്പൈൻസ് നാവികസേനയുടെ കപ്പലിലാണ് കടത്തിയതെന്ന് സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ മൂവാറ്റുപുഴ സ്വദേശി ജലാൽ കസ്‌റ്റംസിനോട് വെളിപ്പെടുത്തി. മാസ്ക് കയറ്റുമതിക്ക് നിരോധനമുള്ളപ്പോഴായിരുന്നു ഇത്.

മൂവാറ്റുപുഴയിലെ വ്യാപാരി ഫിലിപ്പൈൻസിൽ നിന്ന് ഇറക്കുമതി ചെയ്‌ത തടിയുടെ പകുതി വില കള്ളപ്പണമായി കൈമാറാനായിരുന്നു ധാരണ. രാജ്യാന്തര യാത്രയ്ക്ക് വിലക്കുള്ളതിനാൽ പണത്തിന് പകരം അത്രയും വിലയുള്ള മാസ്കുകൾ കടത്തുകയായിരുന്നു. ലോക്ക് ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയ ഫിലിപ്പൈൻസുകാരെ കൊണ്ടുപോകാൻ രണ്ടു നാവിക കപ്പലുകൾ മേയ് ആറിന് കൊച്ചിയിലെത്തിയിരുന്നു. മേയ് എട്ടിന് മടങ്ങിയ കപ്പലിലാണ് രണ്ടു ലക്ഷം മാസ്‌കുകൾ കടത്തിയത്. പത്തു രൂപയുടെ മാസ്കിന് രേഖകളിൽ 100 ആയി പെരുപ്പിച്ച് കാണിച്ചു.

മാസ്ക് കടത്താൻ ചില കസ്‌റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായെന്നാണ് വിവരം. ഇതിനെക്കുറിച്ചും അന്വേഷണം തുടങ്ങി. കസ്‌റ്റംസ് അറസ്റ്റ് ചെയ്‌ത പെരിന്തൽമണ്ണ സ്വദേശി റെമീസിനും സ്വർണക്കടത്തിൽ പങ്കുണ്ട്. നയതന്ത്രചാനലിലൂടെ എത്തുന്ന സ്വർണം സന്ദീപ് നായരിൽ നിന്ന് ഏറ്റുവാങ്ങി ജലാലിനാണ് റെമീസ് കൈമാറിയിരുന്നത്. ഇയാൾ ആർക്കാണ് മറിച്ചു നൽകുന്നത് എന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.