കൊച്ചി: ഈ നിമിഷം കൊവിഡ് നൽകുന്നത് ഒരു സ്നേഹപാഠം കൂടിയാണ്. നോക്കൂ, നീണ്ട 30 നാളുകൾക്കു ശേഷം എൽവിൻ അമ്മയെ കാണുന്നു. തുള്ളിക്കുതിച്ച് ആ കൈകളിലേക്ക് ചാടിയ എൽവിൻ പാൽപ്പുഞ്ചിരി പൊഴിച്ച് പോറ്റമ്മയെ നോക്കുന്നു. സങ്കടം താങ്ങാനാവാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. കുഞ്ഞനുജനെപ്പോലെ താലോലിച്ച എൽവിൻ അവന്റെ അമ്മയ്ക്കൊപ്പം മടങ്ങിപ്പോകുന്നതു കണ്ട് സങ്കടം സഹിക്കാതെ ഈ പോറ്റമ്മയുടെ മക്കൾ കണ്ണീർ പൊഴിക്കുന്നു.
എറണാകുളം വൈറ്റിലയിലെ വൃന്ദാവൻ അപ്പാർട്ടുമെന്റിലായിരുന്നു ഇന്നലെ ഈ അപൂർവ്വ കാഴ്ച.
അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറുമാസം പ്രായമായ കുഞ്ഞിനെ താത്കാലികമായി നോക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ഡോ.മേരി അനിതയിൽ നിന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഏറ്റുവാങ്ങാനെത്തിയതായിരുന്നു സന്ദർഭം. പെരുമ്പാവൂർ സ്വദേശിയായ എൽദോസിന്റെയും ഷീനയുടെയും ഇളയകുഞ്ഞാണ് എൽവിൻ. ഹരിയാനയിൽ വച്ചാണ് എൽദോസിന് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി പോയതിനെ തുടർന്ന് ഭാര്യയെയും മക്കളെയും നാട്ടിലേക്ക് അയച്ചു. ഇവിടെ വച്ച് ഷീനയ്ക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുമക്കൾക്കും നെഗറ്റീവ്. രണ്ടുവയസുകാരനായ മൂത്തമകനെ മുത്തശ്ശിക്കൊപ്പം വിട്ടു. ആറുമാസക്കാരനെ നോക്കാൻ ആളില്ലാതായി. കുഞ്ഞിനെ നോക്കാൻ ശിശുക്ഷേമസമിതി ആളെ അന്വേഷിച്ചു. വിവരമറിഞ്ഞ് സന്നദ്ധപ്രവർത്തകയായ മേരി അനിത ഉത്തരവാദിത്വം ഏറ്റെടുത്തു. എറണാകുളം മെഡിക്കൽ കോളേജിലെ പ്രത്യേക മുറിയിലായിരുന്നു അനിതയും എൽവിനും ആദ്യം താമസിച്ചത്. എൽവിനു രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അവിടേക്കു മാറി. നിരീക്ഷണ കാലത്തിനുശേഷം കുഞ്ഞുമായി അതിനടുത്തുള്ള സ്വന്തം ഫ്ളാറ്റിലേക്കു പോയി.
കൊവിഡ് ഭേദമായ അമ്മ ഷീനയും അച്ഛൻ എൽദോസും ഇന്നലെ ഉച്ചയോടെ വൈറ്റിലയിലെ അനിതയുടെ ഫ്ലാറ്റിലെത്തി, എൽവിനെ ഏറ്റുവാങ്ങി. എൽവിൻ പോകുമ്പോൾ അനിതയുടെ മക്കളായ നിംറോദിനും മനേസയ്ക്കും മൗഷ്‌നിക്കും സങ്കടം താങ്ങാനായില്ല. സൈക്കോളജിസ്റ്റായ മേരി അനിത ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിക്കുന്ന സെന്റർ ഫോർ എംപവർമെന്റ് എൻറീച്ച്മെന്റിന്റെ സ്ഥാപക അദ്ധ്യക്ഷയുമാണ്.