police
കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രം എസ്.എച്ച്.ഒ വി.ടി ഷാജൻ ഉദ്ഘാടനം ചെയ്യുന്നു.

കിഴക്കമ്പലം: ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കുന്നത്തുനാട് സ്റ്റേഷനും. എസ്.എച്ച്.ഒ വി.ടി ഷാജൻ ശിശു സൗഹൃദ കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.ഒ​റ്റ നോട്ടത്തിൽ ഒരു പ്ലേ സ്കൂളെന്ന് തോന്നും വിധമാണ് കെട്ടിടം സജീകരിച്ചിട്ടുള്ളത്.ചുവരുകൾ നിറയെ കാർട്ടൂൺ കഥാപാത്രങ്ങൾ. മാതാപിതാക്കളോടൊപ്പം സ്റ്റേഷനിൽ എത്തുന്ന കുരുന്നുകൾക്കു ശിശു സൗഹൃദ കേന്ദ്രത്തിൽ വിശ്രമിക്കാം. പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ കുരുന്നുകൾക്കു കൂട്ടുണ്ടാകും.സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് വാത്സല്യം, പരിചരണം,സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്നതിന് കേരള പൊലീസ് വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണിത്. സ്റ്റേഷനു സമീപം പ്രത്യേക കെട്ടിടം തന്നെ ഒരുക്കുകയായിരുന്നു.തൊട്ടിൽ, ബാല മാസികകൾ, ടെലിവിഷൻ, കളിപ്പാട്ടങ്ങൾ, കട്ടിൽ തുടങ്ങിയ സൗകര്യങ്ങൾ ഉടനെത്തും. കുട്ടികൾക്കു പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ചൈൽഡ് വെൽഫെയർ ഓഫീസറുടെ സേവനം ഉണ്ടായിരിക്കും. എസ്.ഐമാരായ കെ.ടി ഷൈജൻ, സുനിൽകുമാർ ചൈൽഡ് വെൽഫെയർ ഓഫീസർ പി.കെ പ്രിയ, പഞ്ചായത്തംഗം ശ്യാമള സുരേഷ് എന്നിവർ പങ്കെടുത്തു.