തൃപ്പൂണിത്തുറ: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്ളസ്ടു പരീക്ഷയെഴുതിയ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് ഉജ്ജ്വല വിജയം. പരീക്ഷയെഴുതിയ 456 കുട്ടികളിൽ 454 പേരും വിജയിച്ചു.99.56 ശതമാനം വിജയം.89 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടി.കമ്പ്യൂട്ടർ സയൻസ്,ബയോ മാത്ത്സ്, കോമേഴ്സ് ഹ്യുമാനിറ്റീസ് ബാച്ചുകൾ നൂറുശതമാനം വിജയം നേടി.ജേർണലിസം ബാച്ചിൽ ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.25 കുട്ടികൾക്ക് അഞ്ചു വിഷയങ്ങൾക്ക് എ.പ്ളസ് ലഭിച്ചിട്ടുണ്ട്.299 പേർ ഒരു വിഷയത്തിലെങ്കിലും എ.പ്ളസ് നേടിയിട്ടുണ്ട്.ഒരാളുടെ തോൽവിയും ഒരു കുട്ടി പരീക്ഷയ്ക്ക് മുൻപ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞതിനാലുമാണ് നൂറു ശതമാനം വിജയം നഷ്ടമാകുവാൻ ഇടയാക്കിയത്.തുടർച്ചയായി ജില്ലയിൽ ഉന്നത വിജയം നേടുന്ന ഈ വിദ്യാലയം സംസ്ഥാന തലത്തിലും മികച്ച വിജയം നേടുന്ന വിദ്യാലയമാണ്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു..മികച്ച പി. ടി. എ യ്ക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

എസ്.എസ് എൽ.സിക്കും ഇവിടെ നിന്നും പരീക്ഷയെഴുതിയ 509 കുട്ടികളും വിജയിച്ചു. 87 കുട്ടികൾ ക്കു എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു.