കൊച്ചി: ലോക്ക് ഡൗണിൽ അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ സഹായമഭ്യർത്ഥിച്ച് ലൈവിൽ പൊട്ടിക്കരഞ്ഞ വർഷ നിറകണ്ണുകളോടെ വീണ്ടും സാമൂഹ്യമാദ്ധ്യമങ്ങളിലെത്തി. സഹായിക്കാനെത്തിയവർ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം.
അമ്മയ്ക്ക് കരൾ പകുത്തു നൽകാൻ തയ്യാറായിട്ടും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ ചെയ്യാനാകാത്ത വർഷയുടെ സാഹചര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സാജൻ കേച്ചേരിയാണ് പുറത്തുവിട്ടത്. തുടർന്ന് ഒരു കോടിയോളം രൂപ അക്കൗണ്ടിലേക്കെത്തി. അതേ പണത്തെ ചൊല്ലിയാണ് വർഷയും സാജനും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്നത്. അധികമായി കിട്ടിയ തുക ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് വർഷ പറഞ്ഞെന്നാണ് സാജന്റെ ആരോപണം. ഇതിനെതിരെയാണ് കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ വർഷ ലൈവിൽ വന്നത്.
വർഷ പറയുന്നു:
അമ്മയുടെ ചികിത്സ പൂർത്തിയാവാത്തതിനാൽ പണം ഇപ്പോൾ നൽകാനാവില്ലെന്ന് മാത്രമാണ് പറഞ്ഞത്. അതിനുശേഷം ഭീഷണിപ്പെടുത്തി നിരവധി ഫോൺ വിളികളെത്തി. പണം നൽകിയത് നല്ലവരായ ജനങ്ങളാണ്. അവരെ എന്റെ അവസ്ഥ അറിയിക്കാനാണ് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിട്ടും വീഡിയോ ചെയ്യുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയുടെ ആദ്യത്തെ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. വീണ്ടും ജനങ്ങളുടെ മുന്നിൽ കൈനീട്ടാനുള്ള മടികൊണ്ടാണ് മൂന്നു മാസം ആവശ്യപ്പെട്ടത്. അതുകഴിഞ്ഞ് എന്റെ കൈയിലുള്ള പണം എന്താന്ന് വച്ചാൽ ചെയ്യാം. ഒരിക്കലും ഒരാളെയും സഹായിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ചികിത്സിക്കാൻ പണമില്ലാത്ത അവസ്ഥയെ കുറിച്ച് നന്നായി അറിയാവുന്നയാളാണ് ഞാൻ. സഹായമാവശ്യപ്പെട്ട് അവർ എന്റെ അടുത്തേക്ക് ആളുകളെ പറഞ്ഞുവിടുകയും ഫോണിൽ വിളിപ്പിക്കുകയുമാണ്. ശസ്ത്രക്രിയ കഴിഞ്ഞ സമയത്ത് എനിക്കും അമ്മയ്ക്കും അണുബാധയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ആരെയും കാണാനാവില്ല. അക്കൗണ്ടിലെ പണം സാജൻ കേച്ചേരിക്ക് കൂടി കൈകാര്യം ചെയ്യാവുന്ന രീതിയിലാക്കണമെന്നും പറഞ്ഞു. രക്ഷകന്റെ രൂപത്തിൽ വന്നയാൾ തന്നെയാണ് കാലന്റെ രൂപത്തിൽ വന്നിരിക്കുന്നത്. ഒരു പനി വന്നാൽ തീരുമെന്നൊക്കെയാണ് പറയുന്നത്. എന്റെ കൂടെ നിന്നയാൾ തന്നെയാണ് ഇപ്പോൾ ശപിക്കുന്നത്. എന്റെ അവസ്ഥ ജനങ്ങൾ മനസിലാക്കണം"- വർഷ പറയുന്നു.