കൊച്ചി : കായലിലേക്കുള്ള ഒഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി പേരണ്ടൂർ മൗത്തിനോട് ചേർന്ന കനാലിന്റെ ഭാഗം ആഴം കൂട്ടുന്ന നടപടികൾ ആരംഭിച്ചു. തേവര -പേരണ്ടൂർ കനാൽ ആഴം കൂട്ടിയെങ്കിലും മൗത്തിനോട് ചേർന്ന ഭാഗത്ത് ആഴം കൂട്ടി ചെളിയും തടസങ്ങളും മാറ്റിയാൽ മാത്രമേ ഒഴുക്ക് സുഗമമാകുകയുളളു. കൗൺസിൽ തീരുമാന പ്രകാരം ഈ പ്രവൃത്തി നിലവിലെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്. തേവര കായൽ ഭാഗത്ത് നിന്നും ആരംഭിച്ച് പേരണ്ടൂർ വരെ 10.5 കിലോമീറ്റർ നീളത്തിൽ ചിറ്റൂർ പുഴയിലേക്ക് ചേരുന്ന തേവര പേരണ്ടൂർ കായൽ ചെളി കോരി മാറ്റുന്ന ജോലി മാർച്ചിൽ പൂർത്തിയായിരുന്നു. കോർപ്പറേഷൻ പരിധിയിലെ ചെറുതും വലുതുമായ തോടുകളും കനാലുകളും ഉൾപ്പെടെ 50 എണ്ണം തേവര പേണ്ടൂർ കനാലിലേക്കാണ് ചേരുന്നത്. കനാലിന്റെ ആഴം കൂട്ടിയതുമൂലം ഈ ഭാഗത്തെ ഒഴുക്ക് സുഗമമാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. റെയിൽവേ ഫ്ളൈഓവർ കഴിഞ്ഞ് ചിറ്റൂർ പുഴയിലേക്ക് ചേർന്ന് ഏകദേശം മൂന്നു കിലോമീറ്റർ നീളം വരുന്ന പുഴ കായലിലേക്ക് ചേരുന്നു. മേയറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ചെളി നീക്ക പ്രവൃത്തനങ്ങൾ വിലയിരുത്തി.