കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും ഇതിനായി രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയിൽ ഹർജി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ തലശേരി പോക്സോ കോടതി റോബിന് 20 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
മൂന്നു വർഷത്തെ ശിക്ഷ പൂർത്തിയാക്കിയ റോബിൻ പെൺകുട്ടിക്ക് പ്രായപൂർത്തിയായ സാഹചര്യത്തിൽ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് ഹർജി നൽകിയത്. തടവുശിക്ഷ റദ്ദാക്കാൻ നേരത്തെ നൽകിയ അപ്പീലിലാണ് ഈ ആവശ്യമുന്നയിച്ച് ഉപഹർജി.
കല്യാണത്തെക്കുറിച്ച് പെൺകുട്ടി അറിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ ഹർജിയെ എതിർത്തതിനെ തുടർന്ന് ഹർജിക്കാരന്റെ മറുപടിക്കായി ജൂലായ് 24 ലേക്ക് കേസ് മാറ്റി.
കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെ 2016 മേയിലാണ് പെൺകുട്ടിയെ റോബിൻ പീഡിപ്പിച്ചത്. പള്ളിയിൽ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എൻട്രി ജോലികളും ചെയ്തിരുന്ന പെൺകുട്ടിയെ പ്രതി കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേസിനെത്തുടർന്ന് റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ ഒഴിവാക്കി. കേസിന്റെ ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കുറ്റം ചുമത്താൻ ശ്രമമുണ്ടായി. ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.
കുഞ്ഞ് അനാഥാലയത്തിലാണ് വളരുന്നത്. കുട്ടിയെ വിട്ടുകിട്ടാൻ പെൺകുട്ടിയും ബന്ധുക്കളും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചെങ്കിലും അവിവാഹിതയായ അമ്മയ്ക്ക് കുട്ടിയെ വിട്ടു നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി.കുട്ടിയെ വിട്ടുകിട്ടാൻ ഇരയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് ഫാ. റോബിന്റെ ഹർജിയിൽ പറയുന്നത്.