കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ 23 കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയൽ കശ്‌മീർ എഫ്.സിയിൽ നിന്നാണ് ബ്ളാസ്റ്റേഴ്സിൽ എത്തുന്നത്.
കശ്‌മീരിനായി അദ്ദേഹം 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആറു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം കഴിഞ്ഞ ഐ ലീഗ് സീസണിൽ രണ്ട് അസിസ്റ്റുകൾ സംഭാവന നൽകി. പശ്ചിമ ബംഗാളിലെ ബർൺപൂരിൽ നിന്നുള്ള റിത്വിക് മോഹൻ ബഗാൾ അക്കാഡമിയിലാണ് പരിശീലനം നേടിയത്. സി.എഫ്.എൽ ഫസ്റ്റ് ഡിവിഷനിലെ കൊൽക്കത്ത കസ്റ്റംസിൽ ഫുട്ബാൾ ജീവിതം ആരംഭിച്ചു. ഐലീഗിന് മുമ്പ് കൊൽക്കത്ത പ്രീമിയർ ഡിവിഷൻ ഗ്രൂപ്പ് ബിയിൽ കാളിഘട്ട് എഫ്.സിക്കായി കളിച്ചു. 2018 ഡിസംബറിൽ ഐലീഗിൽ അരങ്ങേറ്റം കുറിച്ചു.