ആലുവ: കീഴ്മാട് പഞ്ചായത്തും ആലുവ മുനിസിപ്പാലിറ്റിയും മുഴുവനായും പരിസര പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയ്മെന്റ് സോണായി തുടരുമ്പോഴും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ അനാസ്ഥ കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ മന്ത്രി വി.എസ് സുനിൽ കുമാറിന് പരാതി നൽകി.

കീഴ്മാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കം പുലർത്തിയിരുന്ന പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. തുടർന്ന് പഞ്ചായത്തിൽ രോഗ ലക്ഷണമുള്ളവർ അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പരിഗണനയോ ടെസ്റ്റ് നടത്താനോ കഴിയുന്നില്ലെന്ന ആക്ഷേപമുണ്ടെന്ന് പരാതിയിൽ ചൂണ്ടികാട്ടി.
ആലുവയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും ആരോഗ്യ പ്രവർത്തനങ്ങൾക്കും അവശ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനും കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും മറ്റു പ്രതിരോധ പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടരുന്ന അവഗണനയ്‌ക്കെതിരെ ജില്ലാഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.