കൊച്ചി: ചെല്ലാനത്തെ കൊവിഡ് വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിൽ സർക്കാർ അലംഭാവം വെടിഞ്ഞ് ഉണർന്ന് പ്രവർത്തിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
സർക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണം
തീരദേശമേഖലയിൽ അനുദിനം രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. നിരീക്ഷണത്തിൽ 600 ഓളം പേരുണ്ട്. ഹാർബറിന് ഒരു കിലോമീറ്റർ ചുറ്റളവിൽ മാത്രം 43 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു വനിതാ പഞ്ചായത്ത് അംഗത്തിന് രോഗം സ്ഥിരീകരിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിക്കപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള വീടുകളില്ലാത്തതാണ് തീരദേശത്തെ വ്യാപനത്തിന്റെ പ്രധാന പ്രശ്‌നം.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ കെടുകാര്യസ്ഥത വ്യക്തമാണ്. വ്യാപനം നിയന്ത്രണാതീതമായപ്പോൾ മാത്രമാണ് എഫ്.എൽ.ടി.സി സംവിധാനത്തെക്കുറിച്ച് അധികൃതർ ചിന്തിച്ചത്. എം.പിയുടെയും എം.എൽ.എയുടെയും ഇടപെടലുകൾ ഭക്ഷ്യകിറ്റു വിതരണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. മറ്റു രോഗികൾ, പ്രായമായവർ, നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് മറ്റ് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന കാര്യത്തിലും പിടിപ്പുകേട് വ്യക്തം. നിരീക്ഷണത്തിൽ കഴിയുന്നവരിൽ രോഗബാധിതരുടെ കണക്കുകൾ സത്യസന്ധമല്ലെന്ന് എസ്. ജയകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.