ആലുവ: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലുവ കെ.എസ്.ഇ.ബി ടൗൺ സെഷൻ ഓഫീസ് താത്കാലികമായി അടച്ചു. 35 ഓളം പേർ ക്വാറന്റൈനിൽ പോയതിനെ തുടർന്നാണിത്.
പെരുമ്പാവൂർ പുല്ലുവഴിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചയാളുടെ മകൻ ടൗൺ സെക്ഷനിൽ വർക്കറാണ്. ഇയാൾക്കും പൊസിറ്റീവായതോടെയാണ് ക്വാറന്റൈൻ വേണ്ടിവന്നത്.
ടൗൺ സെഷന്റെ താത്കാലിക ചുമതല കൂടി ആലുവ ബോയ്‌സ് സ്‌കൂളിന് സമീപമുള്ള നോർത്ത് സെഷന് നൽകി. ടൗൺ സെഷനിൽ 12 മണിക്കൂറിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിച്ചു കെ.എസ്.ഇ.ബി. ഉത്തരവിറക്കി. കൊറോണ ബാധിക്കാത്ത മറ്റിടങ്ങളിൽ നിന്നാണ് ജീവനക്കാരെ നിയമിക്കുന്നത്. അടുത്ത ദിവസം ടൗൺ സെഷൻ അണുവിമുക്തമാക്കിയ ശേഷം പ്രവർത്തനം പുനരാരംഭിക്കും. ടൗൺ സെഷന്റെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കണ്ടെയ്ൻമെന്റ് സോണായതിനാൽ വൈദ്യുതി ബില്ല് അടയ്ക്കാൻ ആളുകൾ ഓഫീസിലേയ്ക്ക് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ബില്ല് ഇന്റർനെറ്റ് വഴി ഓൺലൈനായി അടയ്ക്കാം.