തൃക്കാക്കര : തൃക്കാക്കര നഗര സഭയിൽ കൈയ്യേറ്റക്കാർക്കായി ഇടതുപക്ഷവും-വലതുപക്ഷവും ഒന്നായി.
നഗരസഭയിലെ വഴിയോരക്കച്ചവടക്കാരിൽ 2018 മാർച്ച് 31 ന് മുമ്പ് അപേക്ഷിച്ച വരെ മാത്രമേ അംഗീകൃത ലിസ്റ്റിൽ ഉൾപ്പെടുത്താവൂ എന്ന കൗൺസിൽ മുൻ തീരുമാനം ഇടതുപക്ഷവും-വലതുപക്ഷവും ഒന്നുചേർന്ന് വീണ്ടും അട്ടിമറിച്ചു.
ഇന്നലെ അധ്യക്ഷ ഉഷ പ്രവീണിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ 45 പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്.നിലവിൽ 128 പേരായിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്നത്.
ഓരോ വാർഡ് കൗൺസിലർമാരും പുതിയ പുതിയ പേരുകൾ ഉൾപ്പെടുത്തണമെന്നാവശ്യവുമായി രംഗത്തെത്തി. ചെമ്പുമുക്ക് -പടമുകൾ -സീപോർട്ട് എയർ പോർട്ട് റോഡ്, ഐ.എം.ജി, കളക്ടറേറ്റ് ജംഗ്ഷനുകൾ തുടങ്ങിയ പ്രദേശങ്ങളിൽ പൊതുസ്ഥലം കൈയേറി കച്ചവടം തുടങ്ങിയവരെ പട്ടികയിൽ പെടുത്താനാണ് ശ്രമം.
ജില്ലാ ആസ്ഥാനമായ തൃക്കാക്കരയുടെ പ്രധാന റോഡുകളെല്ലാം ഇന്ന് കൈയ്യേറ്റക്കാരുടെ പിടിയിലാണ്. റോഡ് കൈയ്യേറി ദിവസ വാടകക്ക് കൊടുക്കുന്നവർക്കുവേണ്ടിയും കൗൺസിലർമാർ വാദിക്കുന്നുണ്ട്.