കൊച്ചി : സ്വർണക്കടത്തു കേസിൽ കസ്റ്റംസിൽ കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി എ.എം. ജലാൽ ഉൾപ്പെടെ മൂന്നു പ്രതികളെ ഇന്നലെ എറണാകുളം അഡിഷണൽ സി.ജെ.എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലപ്പുറം ഇക്കാടപ്പടി സ്വദേശി പി.എ. മുഹമ്മദ് ഷാഫി, കൊണ്ടോട്ടി കാലോത്ത് ഒന്നാം മൈലിൽ ഹംജദ് അലി എന്നിവരാണ് മറ്റുള്ളവർ. ഇവരെ കറുകുറ്റിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ.ടി. റമീസ് വഴിയാണ് ഇവർ സ്വർണം വാങ്ങിയിരുന്നത്. ഇതിന് പണം സ്വരൂപിക്കുന്നതും സ്വർണം ആവശ്യക്കാർക്ക് എത്തിക്കുന്നതും പ്രതികൾ ഉൾപ്പെട്ട ശൃംഖലയാണെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
സരിത്തിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
കസ്റ്റംസ് കസ്റ്റഡിയിലായിരുന്ന പി.എസ്. സരിത്തിനെ ഇന്നലെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇന്നലെ അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യു.എ.പി.എ കേസിൽ അറസ്റ്റ് ചെയ്യാൻ എൻ.ഐ.എ അനുമതി തേടിയത്. എൻ.ഐ.എ കോടതി നൽകിയ വാറന്റും ഹാജരാക്കി.
സരിത്തിനെ ചോദ്യം ചെയ്യാൻ ഉടൻ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ സരിത്ത്, ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകാൻ പോകുന്ന പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ജയിലിൽ കാണാൻ അനുമതിയും ലഭിച്ചു.
സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു
സ്വർണക്കടത്ത് കേസിൽ ബംഗളുരുവിൽ നിന്ന് എൻ.ഐ.എ പിടികൂടിയ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് ഇന്നലെ കസ്റ്റംസും രേഖപ്പെടുത്തി. അറസ്റ്റ് വാറന്റ് കോടതി നേരത്തെ കസ്റ്റംസിനു നൽകിയിരുന്നു. കസ്റ്റംസ് കേസിനു പുറമേ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസും നിലവിലുണ്ട്.