കൊച്ചി: കപ്പിത്താനില്ലാതെ സ്വയം നിയന്ത്രിക്കുന്ന ഇലക്ട്രിക് കപ്പലുകൾ നിർമ്മിക്കാനുള്ള കരാർ സ്വന്തമാക്കി കൊച്ചി കപ്പൽശാല. നോർവെ കമ്പനിയായ അസ്കോ മരിടൈം എ.എസിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികൾ നിർമ്മിച്ചു കയറ്റുമതി ചെയ്യാനാണ് കരാർ.
കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡും നോർവെയിലെ ചില്ലറവില്പനരംഗത്തെ ഭീമനായ നോർജെസ് ഗ്രുപൻ എ.എസ്.എയുടെ ഉപകമ്പനിയായ അസ്കോ മാരിടൈമുമാണ് കരാർ ഒപ്പിട്ടത്. രണ്ടു സമാന കപ്പലുകൾ കൂടി നിർമ്മിക്കാനും ധാരണയായിട്ടുണ്ട്. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണരഹിത ചരക്കുനീക്കം ലക്ഷ്യമിട്ടുള്ള നോർവെ പദ്ധതിയാണ് 'കപ്പിത്താനില്ലാ കപ്പലായ" ഓട്ടോണമസ് ഇലക്ട്രിക് ഫെറിയുടെ നിർമ്മാണം. പദ്ധതിക്ക് നോർവെ സർക്കാരിന്റെ ഭാഗികമായ സാമ്പത്തിക പിന്തുണയുമുണ്ടെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു.
67 മീറ്റർ നീളമുള്ള ചെറു കപ്പലുകൾ പൂർണ സജ്ജമായ ഇലക്ട്രിക് ഗതാഗത മാർഗമായി നോർവെയ്ക്കു കൈമാറും. 1,846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലാണ് പ്രവർത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസറ്റേർലി എ.എസ് ഫെറി കൈകാര്യം ചെയ്യും. കൊച്ചിയിൽ നിർമ്മിച്ച് നോർവെയിലെത്തിച്ച ശേഷമായിരിക്കും കപ്പിത്താനില്ലാ കപ്പലിന്റെ പരീക്ഷണ ഓട്ടവും ഉദ്ഘാടനവും. ചരക്കു നീക്കത്തിനുപയോഗിക്കുന്ന 16 ഭീമൻ ട്രെയ്ലറുകൾ വഹിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടാകും. കപ്പലിന്റെ രൂപകല്പന നേവൽ ഡൈനമിക്സ് നോർവെ ആണ് നിർവഹിച്ചത്.
മികവിന്റെ നേട്ടം
ആഗോളതലത്തിൽ മുൻനിര കപ്പൽ നിർമ്മാണ കമ്പനികളെ പിന്തള്ളിയാണ് ഇലക്ട്രിക് കപ്പൽ കരാർ കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. കൊവിഡ് പ്രതിസന്ധി കാലത്തും പ്രതിബന്ധങ്ങളെ മറികടന്നാണ് ഈ അന്താരാഷ്ട്ര കപ്പൽ നിർമ്മാണ കരാർ നേട്ടം.