കൊച്ചി : സ്വർണക്കടത്ത് കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ സന്ദീപ് നായരിൽ നിന്ന് പിടിച്ചെടുത്ത രഹസ്യ ബാഗ് ഇന്നലെ തുറന്നു പരിശോധിച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചതായി സൂചനയുണ്ടെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഇന്നലെ വൈകിട്ട് നാലു മണിയോടെ തുറന്ന ബാഗിന്റെ പരിശോധനാ നടപടികൾ രാത്രി ഏഴരയോടെയാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം തന്നെ ബാഗ് തുറന്നു പരിശോധിക്കണമെന്ന ആവശ്യവുമായി എൻ.ഐ.എ സംഘം കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതനുവദിച്ച കോടതി ഒരു ഉദ്യോഗസ്ഥന്റെ സേവനവും ഇതിനായി വിട്ടുനൽകി.
തുടർന്നാണ് എൻ.ഐ.എ സംഘം ഇന്നലെ ബാഗ് കോടതിയിൽ എത്തിച്ചത്. പരിശോധന പൂർണമായും വീഡിയോയിൽ പകർത്തി. ചില നിർണായക വിവരങ്ങൾ ബാഗിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
എൻ.ഐ.എ കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തുമ്പോൾ എൻ.ഐ.എ അന്വേഷണ ഉദ്യോഗസ്ഥർ, കോടതി പ്രതിഭാഗത്തിനു വേണ്ടി നിയോഗിച്ച ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷക എന്നിവരും ഉണ്ടായിരുന്നു.
വൈകിട്ട് ഏഴോടെ ജഡ്ജി കോടതിയിൽ നിന്ന് മടങ്ങി. ബാഗിൽ ഉണ്ടായിരുന്ന വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് പരിശോധന പൂർത്തിയാക്കിയത്.