 
കോലഞ്ചേരി: ഐക്കരനാട്ടിലെ തരിശു നിലങ്ങൾ കൃഷി ഭൂമിയാക്കുന്നതിനും കൃഷിപ്പണിക്കായും കാർഷിക മേഖലയിൽ തൊഴിലാളി ദൗർലഭ്യം പരിഹരിച്ച് കാർഷികോൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി തയ്യാറെടുത്ത് കെ. എസ്. കെ.ടി.യു ഐക്കരനാട് വില്ലേജ് കമ്മിറ്റിയുടെ എം.കെ പരമേശ്വരൻ സ്മാരക തൊഴിൽ സേനാ സംഘം. കാർഷിക രംഗത്ത് തൊഴിൽ ചെയ്യാൻ സന്നദ്ധയുള്ളവരെയും താല്പര്യമുള്ളവരേയും ഒരുമിച്ചു ചേർത്താണ് സംഘം രൂപീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് പരിധിയിൽ ഓരോ വാർഡിൽ നിന്നും അഞ്ചു പേർ വീതമാണ് ആദ്യഘട്ടത്തിൽ തൊഴിൽ സേനയിലുള്ളത്. പഞ്ചായത്ത് അതിർത്തിയിലെ പാടശേഖരങ്ങൾ തരിശു നിലങ്ങൾ എന്നിവിടങ്ങളിൽ കൃഷിക്കായി കാർഷികവൃത്തിയിൽ പരിചയമുള്ള തൊഴിലാളികളെ ഉടമസ്ഥരുടെ ആവശ്യപ്രകാരം സംഘം വിട്ടുനൽകും. തൊഴിലാളികൾക്ക് യൂണിഫോം,കൈയുറ മറ്റു സുരക്ഷാ ഉപകരണങ്ങളും സംഘം ഉറപ്പുവരുത്തും. കൃഷിക്കാർ നൽകുന്ന കൂലി സംഘത്തിലാണ് അടക്കുന്നത്.ഇത് സംഘം ആഴ്ചയിലോ മാസത്തിലോ ശമ്പളമായി ഒരുമിച്ച് തൊഴിലാളികൾക്ക് നൽകും. ബോണസ്, ഗ്രൂപ്പ് ഇൻഷ്വറൻസ്, തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം അടക്കമുള്ള ആനുകൂല്യങ്ങൾ ഭാവിയിൽ ഏർപ്പെടുത്തുമെന്ന് സംഘം സെക്രട്ടറി പി.ബിജുകുമാർ പറഞ്ഞു.നടീൽ ഉത്സവം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.കെ.ടി.യു നേതാക്കളായ എം.കെ മനോജ് ,പി.കെ അനീഷ്,ഷീജ അശോകൻ സി.വി കുമാരൻ,മിനി സണ്ണി ഐക്കരനാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൻ മോഹനൻ നായർ എന്നിവർ സംസാരിച്ചു.