കോലഞ്ചേരി: കൊവിഡ് പ്രതിസന്ധിക്കിടെ ജോലി തെറിച്ചെങ്കിലും തോൽക്കാൻ ജെസിയും ഷഹനയും ഒരുക്കമായിരുന്നില്ല. നല്ല ചൂടൻ ബിരിയാണി ഉണ്ടാക്കി കച്ചവടം ചെയ്യാൻ ഇരുവരും കച്ചകെട്ടി. ലോക്കേഷൻ കൊച്ചി-ധനുഷ്കോടി ദേശീയ പാത. രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും ബിരിയാണി സൂപ്പർ ഹിറ്റ് ! കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട് സ്വദേശിനികളാണ് സുഹൃത്തുകളായ ഇരുവരും. പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു രണ്ടാൾക്കും ജോലി.പണി പോയതോടെ ചൂടാറാപ്പെട്ടി ഒരെണ്ണം വാങ്ങി. ജെസിയുടെ വീട്ടിലാണ് പാചകം.
ജെസിയുടെ മൂത്ത മകൻ ഡോണലാണ് പ്രധാന കുക്ക്. രാവിലെ ഏഴോടെ ഇരുവരും വീട്ടു ജോലികൾ തീർക്കും.പിന്നെയാണ് ബിരിയാണിപ്പണിയിലേക്ക് കടക്കുക. പത്ത് മണിയോടെ ചൂടാറാപ്പെട്ടിയിൽ ബിരിയാണിയുമായി സ്കൂട്ടറിൽ പാതയോരത്തേക്ക്. ബിരിയാണി തീരും വരെ കച്ചവടം തുടരും. ഭക്ഷ്യ-ആരോഗ്യ വകുപ്പുകളുടെ ലൈസൻസും ഹെൽത്ത് കാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഷഹനയുടെ ഭർത്താവ് ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ മരിച്ചു. രണ്ട് പെൺകുട്ടികളുള്ളാണ് ഇവർക്കുള്ളത്. കൂലിപ്പണിക്കാരനാണ് ജെസിയുടെ ഭർത്താവ്. കൊവിഡിൽ അദ്ദേഹത്തിനും ജോലിയില്ലാതായി.