police

കൊച്ചി:അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിക്കാനും തെളിവുകൾ കണ്ടെത്താനും സഹായിക്കുന്ന പോളിഗ്രാഫ് (നുണ പരിശോധന) യൂണിറ്റിനെ ദുർബലമാക്കി പൊലീസ്.കേരളത്തിൽ സി.ബി.ഐയും എൻ. ഐ.എയും ആശ്രയിക്കുന്ന തൃശൂരിലെ യൂണിറ്റിൽ ഒരു അസിസ്റ്റന്റ് ഡയക്ടർ മാത്രമാണുള്ളത്.ഒഴിവുകൾ നികത്തി ശക്തിപ്പെടുത്തേണ്ടതിന് പകരം

യൂണിറ്റ് തിരുവനന്തപുരത്തേക്ക് മാറ്റാൻ ഉത്തരവ് വന്നിരിക്കുകയാണ്. എല്ലായിടത്തു നിന്നും എത്താനുള്ള സൗകര്യത്തിനാണ് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് യൂണിറ്റ് മാറ്റിയത്.

തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ യൂണിറ്റ് വേണമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നിർദേശം. എന്നാൽ,ഒന്നു മതി എന്ന തീരുമാനത്തിൽ,പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് ലാബ് 2016 ഡിംബറിൽ തൃശൂർ പൊലീസ് അക്കാഡമിയിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. വടക്കൻ ജില്ലകളിൽ നിന്നാണ് കൂടുതൽ കേസുകൾ.

തുടക്കത്തിൽ ഒരു യൂണിറ്റിന് ആവശ്യമായ രണ്ട് അസി.ഡയറക്ടർമാരും ഒരു സയന്റിഫിക് അസിസ്റ്റന്റും ഉണ്ടായിരുന്നു. ഒരു അസിസ്റ്റന്റ് ഡയറക്ടർ ജോയിന്റ് ഡയറക്ടറായി സ്ഥലംമാറി. സയന്റിഫിക് അസിസ്റ്റന്റ് ആ പദവിയിലേക്ക് വന്നു. സയന്റിഫിക് അസിസ്റ്റന്റ് നിയമനം നടത്തിയില്ല.രണ്ടാമത്തെ അസിസ്റ്റന്റ് ഡയറക്ടറും മാറിയതോടെ ഒറ്റയാൾ യൂണിറ്റായി മാറി.

അടുത്തിടെയാണ് ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ യന്ത്രം ഘടിപ്പിച്ച് ഹൈ ടെക് ലാബാക്കിയത്.

നുണപരിശോധന
2016-38

2017-44

2018-19

2019-33

2020- 33 (ഇതുവരെ)

വേണം സ്വസ്ഥത

# പ്രതികളെയും സാക്ഷികളെയും വിധേയരാക്കാറുണ്ട്.

#സ്വസ്ഥമായ ശാരീരിക, മാനസികാവസ്ഥ ആയിരിക്കണം

# ചോദ്യങ്ങൾ ഉന്നയിച്ച് ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, വിറയൽ, തൊലിപ്പുറത്തെ മാറ്റങ്ങൾ തുടങ്ങിയ പ്രതികരണങ്ങൾ യന്ത്രസഹായത്തോടെ വിലയിരുത്തും.

#ഒരാളെ പരിശോധിക്കാൻ മൂന്നുദിവസം വേണം.

# പോളിഗ്രാഫ് റിപ്പോർട്ട് കോടതിയിൽ നിർണായകമാണ്.

# ദീർഘനേരം സഞ്ചരിച്ചെത്തുന്നവരെ പരിശോധിക്കാൻ ബുദ്ധിമുട്ടുണ്ട്.

# രാത്രി യാത്ര ചെയ്ത് രാവിലെ എത്തിയവരുടെ പരിശോധന നടത്താൻ കഴിയാത്ത സംഭവങ്ങളുണ്ട്.